
ന്യൂഡൽഹി: ഇന്ത്യയുടെ വിദേശത്തേക്കുള്ള കയറ്റുമതി സെപ്റ്റംബറിൽ 2.6 ശതമാനം ഇടിഞ്ഞ് 34.47 ബില്യൺ ഡോളറായി കുറഞ്ഞു. ഇറക്കുമതിയിലും ഇടിവ് ഗണ്യമായി പ്രതിഫലിച്ചു, 2022 സെപ്റ്റംബറിനെ അപേക്ഷിച്ച് 2023 സെപ്റ്റംബറിൽ 15 ശതമാനം ഇടിഞ്ഞ് ഇറക്കുമതി 53.84 ബില്യൺ ഡോളറിന്റേതായി കുറഞ്ഞു.
ഇറക്കുമതിയിലെ വലിയ ഇടിവ് മൂലം ഇന്ത്യയുടെ വ്യാപാര കമ്മി സെപ്റ്റംബറിൽ 5 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 19.37 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 27.98 ബില്യണിൽ നിന്ന് ഒരു വർഷം കൊണ്ട് 30 ശതമാനത്തിലധികം ഇടിവ് വ്യാപാര കമ്മിയിൽ രേഖപ്പെടുത്തി.
ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി രാജ്യങ്ങളിലുള്ള ആഗോള പ്രശ്നങ്ങളും മാന്ദ്യ പ്രവണതകളും കയറ്റുമതിയെ ബാധിച്ചതിനാൽ രാജ്യത്തിൻറെ കയറ്റുമതിയിൽ ഓരോ മാസവും തുടർച്ചയായി ഇടിവ് കാണിക്കുന്നുണ്ട്.
എന്നിരുന്നാലും, വാണിജ്യ സെക്രട്ടറി സുനിൽ ബർത്ത്‌വാൾ പറയുന്നതനുസരിച്ച്, സെപ്റ്റംബറിലെ വ്യാപാര ഡാറ്റ പോസിറ്റീവ് സൂചനയോടെയാണ് വരുന്നത്, കാരണം പെട്രോളിയം ഇതര രത്നങ്ങൾ & ആഭരണങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ 1.86 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
മറുവശത്ത്, സേവന കയറ്റുമതി 29.37 ബില്യൺ ഡോളറാണ്, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കയറ്റുമതി 29.22 ബില്യൺ ഡോളറായിരുന്നു.
എന്നാൽ സേവന ഇറക്കുമതി ഗണ്യമായി കുറഞ്ഞു, കഴിഞ്ഞ വർഷം സെപ്റ്റംബറിലെ 16.27 ബില്യൺ ഡോളറിൽ നിന്ന് ഈ വർഷം 14.91 ബില്യൺ ഡോളറായി ഇറക്കുമതി ഇടിഞ്ഞു.
2023-24 ന്റെ ആദ്യ പകുതിയിൽ, കയറ്റുമതി 8.7 ശതമാനം കുറഞ്ഞപ്പോൾ ഇറക്കുമതി 12.2 ശതമാനം കുറഞ്ഞുവെന്ന് വാണിജ്യ സെക്രട്ടറി പറഞ്ഞു.