
മുംബൈ: അപൂർവ ഭൗമ ധാതുക്കൾക്കും ഖനനവുമായി ബന്ധപ്പെട്ട യന്ത്രോപകരണങ്ങൾക്കുമായുള്ള ഇന്ത്യയുടെ ചൈനീസ് ആശ്രയത്വം കുത്തനെ വർധിച്ചതായി റിപ്പോർട്ട്.
വാണിജ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം അജിറ്റേറ്ററുകൾ, ഫർണസുകൾ, ഇലക്ട്രോലൈസറുകൾ, വേർതിരിക്കൽ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ അപൂർവ ധാതുക്കളുടെ ശുദ്ധീകരണത്തിനും ഉത്പാദനത്തിനും ഉപയോഗിക്കുന്ന പ്രത്യേക ഉപകരണങ്ങളുടെ ഇറക്കുമതി 2018 സാന്പത്തിക വർഷത്തിലെ 263 മില്യണ്‍ ഡോളറിൽനിന്ന് 2025 സാമ്പത്തിക വർഷത്തിൽ 1.1 ബില്യണ്‍ ഡോളറായി ഉയർന്നു.
ഇത്തരം യന്ത്രസാമഗ്രികളുടെ ഇന്ത്യയുടെ ഇറക്കുമതിയിൽ ചൈനയുടെ പങ്ക് 2018 സാമ്പത്തിക വർഷത്തിൽ 24.6 ശതമാനത്തിൽ നിന്ന് 2025 സാമ്പത്തിക വർഷത്തിൽ 44.6 ശതമാനമായി ഉയർന്നു, ഇത് ഈ കാലയളവിലെ ഏറ്റവും ഉയർന്ന നിരക്കാണ്.
അസംസ്കൃത വസ്തുക്കൾക്ക് പുറമെ, അവ സംസ്കരിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളിലേക്കും ഇന്ത്യയുടെ ചൈനീസ് ആശ്രിതത്വം ഉയരുന്നു. സ്വന്തമായ അപൂർവ ധാതു മൂല്യ ശൃംഖല കെട്ടിപ്പടുക്കുന്നതിൽ ഇന്ത്യ നേരിടുന്ന തന്ത്രപരമായ വെല്ലുവിളിയാണ് ഇത് അടിവരയിടുന്നത്.
ശുദ്ധീകരണം, വേർതിരിക്കൽ, കാന്ത നിർമാണം എന്നിവയിൽ ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ ഇന്ത്യൻ ഇറക്കുമതിയുടെ പകുതിയോളം ഇപ്പോൾ ചൈനയിൽ നിന്നാണ്. ക്ലീൻ എനർജി, ഇലക്‌ട്രിക് മൊബിലിറ്റി, പ്രതിരോധ നിർമാണം തുടങ്ങിയ നിർണായകമായ സാങ്കേതികവിദ്യകൾക്ക് ഈ യന്ത്രങ്ങൾ അത്യാവശ്യമാണ്.
ചില ഉത്പന്ന വിഭാഗങ്ങളിൽ, ചൈനയിൽനിന്നുള്ള പ്രത്യേക യന്ത്രോപകരങ്ങളുടെ ഇറക്കുമതി അഞ്ചിരട്ടിയായി വർധിച്ചു. സെഡിമെന്‍റേഷൻ, ക്രിസ്റ്റലൈസേഷൻ അജിറ്റേറ്ററുകൾ, മാഗ്നെട്രോണ്‍ സ്പട്ടറിംഗ്, കോട്ടിംഗ് സിസ്റ്റങ്ങൾ, അപൂർവ എർത്ത് മാഗ്നറ്റ് ഉത്പാദനത്തിൽ ഉപയോഗിക്കുന്ന വൈൻഡിംഗ്, ലാമിനേറ്റിംഗ് മെഷീനുകൾ ഉൾപ്പെടെയുള്ള പ്രത്യേക യന്ത്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 2018 സാന്പത്തിക വർഷത്തിലെ 159 മില്യണ്‍ ഡോളറിൽ നിന്ന് 2025 സാമ്പത്തിക വർഷത്തിൽ 864 മില്യണ്‍ ഡോളറായി.
മിക്സിംഗ് പാഡിലുകൾ, ഇൻഡസ്ട്രിയൽ മിക്സറുകൾ എന്നിവയുടെ ഇറക്കുമതി ഇരട്ടിയായി 170 മില്യണ്‍ ഡോളറിലെത്തി. ലോഹങ്ങൾ വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോലൈസറുകളുടെ ഇറക്കുമതി 32 മില്യണ്‍ ഡോളറായി മൂന്നിരട്ടിയായി വർധിച്ചു.
ഇലക്ട്രോലൈസറുകളെ വിഭാഗത്തിൽ ജപ്പാനെയും ജർമനിയെയും മറികടന്ന് ചൈന ഇന്ത്യയുടെ ഏറ്റവും വലിയ വിതരണക്കാരായി. 2019 സാമ്പത്തിക വർഷത്തിലെ 24 ശതമാനത്തിൽനിന്ന് 2025 സാന്പത്തിക വർഷം 44 ശതമാനത്തിലേക്ക് ഉയർന്നു.
ഇന്ത്യയിലേക്കുള്ള ഫർണസുകളുടെ കയറ്റുമതിയിൽ ചൈന ഒന്നാം സ്ഥാനത്ത് തുടരുന്നുണ്ട്. എന്നാൽ, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അതിന്‍റെ വിഹിതം 38.2 ശതമാനമായി കുറഞ്ഞു. 2018 സാമ്പത്തിക വർഷത്തിനും 2020 സാമ്പത്തിക വർഷത്തിനും ഇടയിൽ ഇത് 56 ശതമാനമായിരുന്നു.
2025 സാമ്പത്തിക വർഷം മൊത്തത്തിൽ ഇന്ത്യ 2.47 ബില്യണ്‍ ഡോളറിന്‍റെ അപൂർവ ധാതുക്കളും ഖനനവുമായി ബന്ധപ്പെട്ട യന്ത്രങ്ങളും ഇറക്കുമതി ചെയ്തു. 2018 സാമ്പത്തിക വർഷത്തിൽ ഇത് 1.07 ബില്യണ്‍ ഡോളറായിരുന്നു.
ഇതിൽ 1.1 ബില്യണ്‍ ഡോളർ ചൈനയിൽ നിന്നാണ്, ഏഴ് വർഷം മുന്പ് ഇത് വെറും 263 മില്യണ്‍ ഡോളറായിരുന്നു.






