ആഭ്യന്തര വിമാന യാത്ര നിരക്ക് നാലു വർഷത്തെ താഴ്ന്ന നിലയിൽവിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്എഫ്എംസിജി മേഖല തിരിച്ചുവരുന്നുകയറ്റമതിക്ക് ഇന്ത്യ പുതിയ വിപണി കണ്ടെത്തുന്നുഇനി രാജ്യമൊട്ടാകെ റോഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് പണരഹിത ചികിത്സാ പദ്ധതി

ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് ഇന്ത്യൻ കയറ്റുമതി മേഖല

ടെഹ്‌റാൻ: ഇറാനിലെ സാമ്പത്തിക പ്രതിസന്ധി ഇന്ത്യൻ കയറ്റുമതി മേഖലയെയും ബാധിക്കുന്നു. ഏറെക്കാലമായി യുഎസ് ഉപരോധം നേരിടുന്ന ഇറാൻ സാമ്പത്തികമായി തകർന്നിരിക്കുകയാണ്.

രാജ്യത്തേക്കുള്ള ഭക്ഷ്യ ഇറക്കുമതിക്ക് നൽകുന്ന സബ്‍സിഡിയും ഇറാൻ അവസാനിപ്പിച്ചു. ഇതാണ് ഇന്ത്യയ്ക്കും തിരിച്ചടിയായത്. ഇറാനിലേക്ക് പുറപ്പെട്ട ഇന്ത്യയിൽ നിന്നുള്ള 2,000 കോടി രൂപ വില വരുന്ന ഭക്ഷ്യ ഉൽപന്നങ്ങൾ വിവിധ രാജ്യാന്തര തുറമുഖങ്ങളിൽ കെട്ടിക്കിടക്കുകയാണ്. പ്രധാനമായും ബസ്‍മതി അരിയാണ് ഇതിൽ.

യുഎസ് സാമ്പത്തിക ഉപരോധം കടുപ്പിച്ചതോടെ ഇറാനിയൻ റിയാലിന്‍റെ വിനിമയ നിരക്ക് ചരിത്രത്തിലില്ലാത്ത വിധത്തിൽ കുത്തനെ ഇടിഞ്ഞു. ഇതോടെയാണ് ഭക്ഷ്യ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാൻ വർഷങ്ങളായി നൽകിവന്ന സബ്‍സിഡി ഇറാൻ നിർത്തലാക്കിയതെന്ന് വ്യാപാരികൾ പറഞ്ഞു.

സബ്‍സിഡിയുടെ അഭാവത്തിൽ ഇറാനിലേക്കുള്ള കയറ്റുമതി തടസപ്പെട്ടെന്ന് പഞ്ചാബ് റൈസ് മില്ലേഴ്സ് അസോസിയേഷനും വ്യക്തമാക്കി.

സാമ്പത്തിക ഉപരോധം നിലനിൽക്കുന്ന ഇറാന് മറ്റ് രാജ്യങ്ങളുമായി ബാങ്ക് വഴി ഇടപാടുകൾ നടത്താനും തടസം നേരിടുന്നുണ്ട്. ഇത് മറികടക്കാൻ ബാർട്ടർ സംവിധാനത്തിലാണ് ഇന്ത്യ–ഇറാന്‍ വ്യാപാരം നടന്നിരുന്നത്. എന്നാൽ യുഎസിന്റെ ഉപരോധ പശ്ചാത്തലത്തിൽ ഇറാനിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി അവസാനിപ്പിച്ചതോടെ ഇതും നിലച്ചു.

തടസ്സങ്ങൾക്കിടയിലും ഇന്ത്യയിൽ നിന്ന് ബസ്‍മതി അരി, തേയില, മരുന്നുകൾ എന്നിവ ഇറാൻ ഇറക്കുമതി ചെയ്തിരുന്നു. പുതിയ സാഹചര്യത്തിൽ ഇതിനും തടസം നേരിടുമെന്നാണ് സൂചന.

12,000 കോടിയുടെ അരിവ്യാപാരം

ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന ബസ്‍മതി അരി ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇറാൻ. സൗദി അറേബ്യ കഴിഞ്ഞാൽ ഏറ്റവും വലിയ രണ്ടാമത്തെ വിപണി. പ്രതിവർഷം 12 ലക്ഷം ടൺ അരിയാണ് ഇന്ത്യയിൽ നിന്ന് ഇറാനിലെത്തുന്നത്. ഏകദേശം 12,000 കോടി രൂപയുടെ വ്യാപാരം. ആകെ അരി കയറ്റുമതിയുടെ 18–20 ശതമാനമാണിത്.

കയറ്റുമതിക്ക് തടസം നേരിട്ടത് ഈ മേഖലയെ മൊത്തത്തിൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ബസ്‍മതി അരിയുടെ വില കിലോയ്ക്ക് 3–4 രൂപ വരെ കുറഞ്ഞെന്നാണ് വ്യാപാരികൾ പറയുന്നത്.
ജൂൺ പകുതിയോടെ ഇറാനിൽ വിളവെടുപ്പ് കാലമാണ്. ഇതോടെ വിദേശത്ത് നിന്നുള്ള ഭക്ഷ്യ ഇറക്കുമതിയും അവസാനിപ്പിക്കും.

പിന്നീട് സെപ്റ്റംബറിലാണ് ഇറക്കുമതി പുനരാരംഭിക്കുന്നത്. ഈ സീസൺ കാലത്തിന് വേണ്ടി നേരത്തെ സ്റ്റോക്ക് കരുതിവെച്ച വ്യാപാരികളാണ് ഇപ്പോൾ കുടുങ്ങിയത്. കഴിഞ്ഞ വർഷം ഇസ്രയേൽ–ഇറാൻ സംഘർഷമുണ്ടായപ്പോഴും സമാനമായ പ്രതിസന്ധി ഇന്ത്യൻ കയറ്റുമതി മേഖല നേരിട്ടിരുന്നു.

X
Top