നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

വിപണിയില്‍ ചില്ലറ നിക്ഷേപകരുടെ പങ്കാളിത്തം ഗണ്യമായി കുറഞ്ഞു

മുംബൈ: ഏപ്രിലില്‍ ഡീമാറ്റ്‌ അക്കൗണ്ടുകള്‍ തുറയ്‌ക്കുന്നതില്‍ റെക്കോഡ്‌ ഇട്ടെങ്കിലും ഓഹരി വിപണിയില്‍ ചില്ലറ നിക്ഷേപകരുടെ പങ്കാളിത്തം രണ്ട്‌ വര്‍ഷത്തെ താഴ്‌ന്ന നിലയില്‍ എത്തി.

മിഡ്‌-സ്‌മോള്‍കാപ്‌ ഓഹരികള്‍ നഷ്‌ടം നല്‍കിയതും സ്ഥിര നിക്ഷേപ മാര്‍ഗങ്ങള്‍ ഉയര്‍ന്ന നേട്ടം നല്‍കുന്നതുമാണ്‌ ഒരു വിഭാഗം ചില്ലറ നിക്ഷേപകരെ വിപണിയില്‍ നിന്നു പിന്തിരിപ്പിച്ചത്‌.

രാജ്യത്ത്‌ 11.61 കോടി ഡീമാറ്റ്‌ അക്കൗണ്ടുകളാണ്‌ നിലവിലുള്ളത്‌. ഇതില്‍ 67 ലക്ഷം നിക്ഷേപകര്‍ മാത്രമാണ്‌ ഏപ്രിലില്‍ വ്യാപാരം നടത്തിയത്‌. രാജ്യത്തെ മൊത്തം ഡീമാറ്റ്‌ അക്കൗണ്ടുകളുടെ 5.8 ശതമാനം മാത്രമാണ്‌ ഇത്‌.

ഇതിന്‌ മുമ്പ്‌ നിക്ഷേപകരുടെ ഏറ്റവും കുറഞ്ഞ പങ്കാളിത്തമുണ്ടായത്‌ 2021 ഏപ്രിലിലാണ്‌. 69.22 ലക്ഷം നിക്ഷേപകരാണ്‌ ആ മാസം വ്യാപാരത്തില്‍ പങ്കുകൊണ്ടത്‌.

2021 ഒക്‌ടോബറിനും 2022 ഏപ്രിലിനും ഇടയില്‍ പ്രതിമാസം ശരാശരി ഒരു കോടിയിലേറെ നിക്ഷേപകര്‍ ഓഹരി വ്യാപാരം നടത്തിയിരുന്നു. 2023ല്‍ ഇതുവരെ ഐപിഒ വിപണി അത്ര സജീവമല്ല.

കഴിഞ്ഞ നാല്‌ മാസമായി അഞ്ച്‌ കമ്പനികള്‍ ഐപിഒ വഴി 5824 കോടി രൂപയാണ്‌ സമാഹരിച്ചത്‌. അതേ സമയം 2022ല്‍ 40 കമ്പനികള്‍ 59,302 കോടി രൂപ സമാഹരിച്ചിരുന്നു.

ഫ്യൂച്ചേഴ്‌സ്‌ വ്യാപാരത്തില്‍ ചില്ലറ നിക്ഷേപകരുടെ പങ്കാളിത്തം 15 മാസത്തെ താഴ്‌ന്ന നിലവാരത്തിലെത്തി. ഇന്‍ഡക്‌സ്‌ ഫ്യൂച്ചേഴ്‌സില്‍ 1.14 ലക്ഷം നിക്ഷേപകരും സ്റ്റോക്ക്‌ ഫ്യൂച്ചേഴ്‌സില്‍ 1.76 ലക്ഷം നിക്ഷേപകരുമാണ്‌ ഏപ്രിലില്‍ പങ്കുകൊണ്ടത്‌.

ഇന്‍ഡക്‌സ്‌ ഓപ്‌ഷനുകളില്‍ വ്യാപാരം ചെയ്‌തത്‌ 27.73 ലക്ഷം പേരാണ്‌. മുന്‍മാസത്തെ അപേക്ഷിച്ച്‌ ഇതില്‍ 10 ശതമാനം കുറവുണ്ടായി. 2021 ഒക്‌ടോബര്‍ മുതല്‍ ചില്ലറ നിക്ഷേപകര്‍ വ്യാപകമായി നിക്ഷേപിച്ച ചെറുകിട ഓഹരികളുടെ പ്രകടനം ദുര്‍ബലമാണ്‌.

ഇക്കാലയളവില്‍ ബിഎസ്‌ഇ മിഡ്‌കാപ്‌, സ്‌മോള്‍കാപ്‌ സൂചികകള്‍ നാല്‌ ശതമാനം നേട്ടം മാത്രമാണ്‌ നല്‍കിയത്‌. വിശാല വിപണിയുടെ ദുര്‍ബലമായ പ്രകടനം ചില്ലറ നിക്ഷേപകരുടെ പങ്കാളിത്തം കുറയാന്‍ കാരണമായി.

ഒട്ടേറെ നിക്ഷേപകര്‍ നഷ്‌ടം നേരിട്ടതോടെ പുതിയ വ്യാപാരങ്ങള്‍ നടത്താതെയായി. പലിശനിരക്ക്‌ ഉയര്‍ന്നതോടെ സ്ഥിര വരുമാന മാര്‍ഗങ്ങള്‍ ആകര്‍ഷകമായത്‌ ഓഹരി വിപണിയിലെ നിക്ഷേപം കുറയുന്നതിനും വഴിവെച്ചു.

X
Top