
മുംബൈ: ജിഎസ്ടി പുനക്രമീകരിച്ചതും, ഉത്സവകാല ചെലവുകളുടെയും പശ്ചാത്തലത്തില്‍ ഒക്ടോബറില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കൂടുതല്‍ ഉത്തേജനം കൈവരിച്ചുവെന്ന് ആര്‍ബിഐ ബുള്ളറ്റില്‍. ആഗോള തലത്തിലെ തിരിച്ചടികളില്‍ ഇന്ത്യക്ക് മുന്നേറാനായെന്നാണ് ആര്‍ബിഐയുടെ പ്രതിമാസ സാമ്പത്തിക സ്ഥിതി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
മുന്‍ മാസത്തേക്കാള്‍ ജിഎസ്ടി കളക്ഷന്‍ മെച്ചപ്പെട്ടു. ഇത് ഉപഭോക്തൃ ഡിമാന്‍ഡില്‍ ശക്തമായ വര്‍ദ്ധനവ് സൂചിപ്പിക്കുന്നതായി ഡെപ്യൂട്ടി ഗവര്‍ണര്‍ പൂനം ഗുപ്ത റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു.
ഒക്ടോബറിലെ സൂചകങ്ങള്‍ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളില്‍ ഉയര്‍ച്ചയും സേവന മേഖലയില്‍ തുടര്‍ച്ചയായ വികാസവും സൂചിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഒക്ടോബര്‍ മാസത്തില്‍ ഡിമാന്‍ഡ് സാഹചര്യങ്ങളില്‍ കൂടുതല്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇത് സ്ഥിരതയുള്ള വളര്‍ച്ചാ പ്രതീക്ഷയിലേക്ക് വിരല്‍ ചൂണ്ടുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഈ വര്‍ഷം ഇതുവരെ സ്വീകരിച്ച സാമ്പത്തിക, പണ, നിയന്ത്രണ നടപടികള്‍ വഴി ഉയര്‍ന്ന സ്വകാര്യ നിക്ഷേപം, ഉല്‍പ്പാദനക്ഷമത, വളര്‍ച്ച എന്നിവയില്‍ മുന്നേറ്റത്തിന് സഹായിക്കും.
ഇത് ദീര്‍ഘകാല സാമ്പത്തിക പ്രതിരോധശേഷിയിലേക്ക് നയിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.






