
മുംബൈ: ഇന്ത്യൻ രൂപയുടെ മൂല്യം കുറയുന്നതിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ കൂടുതൽ സഹിഷ്ണുത കാണിച്ചേക്കും. വിദേശത്തുനിന്നുള്ള ഡോളർ പ്രവാഹം നിലയ്ക്കുകയും വ്യാപാരക്കമ്മി വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ രൂപയുടെ മൂല്യം ഒരു പരിധി വരെ കുറയാൻ അനുവദിക്കാനാണ് ആര്‍.ബി.ഐ യുടെ നീക്കമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി രൂപയുടെ മൂല്യം ഡോളറിനെതിരെ റെക്കോർഡ് താഴ്ച്ചയിലേക്ക് എത്തിയിരിക്കുകയാണ്. ഡോളറിനെതിരെ രൂപ 90.42 എന്ന നിലവാരത്തിലേക്ക് എത്തി. ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന കറൻസിയായി രൂപ മാറി. 2025 ല്‍ രൂപ 5.5 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
രൂപയുടെ മൂല്യം ഒരു പ്രത്യേക തലത്തിൽ പിടിച്ചുനിർത്താൻ വേണ്ടി ശക്തമായ ഡോളർ വിൽപ്പനയിലൂടെയുള്ള ഇടപെടലുകൾ ആർ.ബി.ഐ. ഒഴിവാക്കുകയാണ്. വിദേശത്തുനിന്നുള്ള പണത്തിന്റെ ഒഴുക്ക് കുറഞ്ഞതോടെ, രൂപയുടെ മൂല്യം സംരക്ഷിക്കാൻ കരുതൽ ധനം ചെലവഴിക്കുന്നതിൽ അർത്ഥമില്ലെന്നാണ് ആർ.ബി.ഐ.യുടെ വിലയിരുത്തൽ. അടിസ്ഥാനപരമായ ഘടകങ്ങൾ കറൻസിക്ക് എതിരായിരിക്കുമ്പോൾ കരുതൽ ധനം ചെലവഴിക്കേണ്ടതില്ലെന്നും ആർ.ബി.ഐ.യുമായി ബന്ധമുള്ള വൃത്തങ്ങൾ സൂചന നൽകുന്നു.
രൂപയുടെ മൂല്യം താഴാൻ അനുവദിക്കുന്നതിലൂടെ, വലിയ ചാഞ്ചാട്ടങ്ങൾ നിയന്ത്രിക്കാനും ഊഹക്കച്ചവടപരമായ നീക്കങ്ങൾ തടയാനും മാത്രമേ ഇനി ആർ.ബി.ഐ. പ്രധാനമായും ഇടപെടുകയുള്ളൂ. ഒരു പ്രത്യേക വിനിമയ നിരക്ക് ലക്ഷ്യമാക്കി ഇനി ഇടപെടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഈ വർഷം മാത്രം വിദേശ നിക്ഷേപകർ 1.48 ലക്ഷം കോടി രൂപ മൂല്യമുള്ള ഓഹരികൾ വിറ്റഴിച്ചിട്ടുണ്ട്. ഇതോടൊപ്പം വിദേശ പ്രത്യക്ഷ നിക്ഷേപം (FDI), വ്യാപാരം എന്നിവയിലൂടെയുള്ള ഡോളർ വരവും കുറഞ്ഞു.
ദുർബലമായ കറൻസി കേന്ദ്ര ബാങ്കിന് കൂടുതൽ നയപരമായ ഫ്ലെക്സിബിലിറ്റി നൽകുന്നുണ്ട്. രൂപയുടെ മൂല്യം കുറയുന്നത് കയറ്റുമതിയെ സഹായിക്കുമെങ്കിലും, വിദേശ നിക്ഷേപകർക്ക് ഇന്ത്യൻ ആസ്തികളിലുള്ള ആകർഷണം കുറക്കാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും ഇന്ത്യയുടെ ശക്തമായ സാമ്പത്തിക വളർച്ച (ജൂലൈ-സെപ്റ്റംബർ പാദത്തിൽ ജിഡിപി 8.2%) ദീർഘകാലാടിസ്ഥാനത്തിൽ കമ്പനികളുടെ വരുമാനം വർദ്ധിപ്പിക്കുമെന്നും അത് രൂപയുടെ മൂല്യത്തകർച്ചയെ മറികടക്കാൻ സഹായിക്കുമെന്നും ചില സാമ്പത്തിക വിദഗ്ദ്ധർ പ്രതീക്ഷിക്കുന്നു.






