
ദില്ലി: ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചൈനീസ് ബിസിനസ് പ്രൊഫഷണലുകൾക്കുള്ള വിസ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ഇന്ത്യ തയ്യാറാകുന്നതായി റിപ്പോർട്ട്.
ഈ നിയന്ത്രണങ്ങൾ നീക്കിയാൽ ഏകദേശം അഞ്ച് വർഷത്തിന് ശേഷം വിവോ, ഓപ്പോ, ഷവോമി, ബൈഡ്, ഹിസെൻസ്, ഹെയർ തുടങ്ങിയ കമ്പനികൾക്ക് തങ്ങളുടെ ചൈനീസ് മാനേജർമാരെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സാധിക്കും.
സിഇഒ, കൺട്രി ഹെഡ്, ജനറൽ മാനേജർ, സെയിൽസ്, മാർക്കറ്റിംഗ്, ഫിനാൻസ്, എച്ച്ആർ എക്സിക്യൂട്ടീവുകൾ തുടങ്ങിയ പ്രധാന തസ്തികകളിലേക്കുള്ള മിക്ക വിസ അപേക്ഷകളും സർക്കാർ അംഗീകരിക്കുമെന്നാണ് സൂചന.
ചൈനയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് വിസ അനുവദിക്കുന്നത് പുനരാരംഭിക്കാനും നീക്കമുണ്ട്. 2020 ലെ ഗാൽവാൻ വാലി സംഘർഷത്തിനുശേഷം വഷളായ ഇന്ത്യ ചൈന ബന്ധം പുനഃസ്ഥാപിക്കാൻ ഇരു രാജ്യങ്ങളും ശ്രമിക്കുന്നതിന്റ ഭാഗമായാണ് നടപടി.