എംഎസ്എംഇ മേഖലയില്‍ വന്‍ മാറ്റത്തിന് കേന്ദ്രംഡ്രെഡ്‌ജിംഗിൽ ആഗോളനേട്ടം കൊയ്യാൻ ഇന്ത്യആർബിഐയുടെ കൈവശമുള്ളത് 8.35 ലക്ഷം കോടി രൂപയുടെ സ്വർണംഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തില്‍

ഡ്രെഡ്‌ജിംഗിൽ ആഗോളനേട്ടം കൊയ്യാൻ ഇന്ത്യ

കൊച്ചി: തുറമുഖങ്ങള്‍, കപ്പല്‍ച്ചാലുകള്‍, ജലാശയങ്ങള്‍, പുഴകള്‍ എന്നിവയിലെ ചെളിനീക്കി, ആഴം വർദ്ധിപ്പിച്ച്‌ ജലയാനങ്ങളുടെ ഗതാഗതം സുഗമമാക്കുന്ന ഡ്രെഡ്‌ജിംഗില്‍ ആഗോളനേട്ടം കൊയ്യാൻ ഒരുങ്ങി ഇന്ത്യ.

ഡ്രഡ്‌ജിംഗ് ബിസിനസില്‍ ലോകത്തെ അഞ്ചാം ശക്തിയാകാൻ പൊതുമേഖലാ കമ്പനിയായ ഡ്രഡ്‌ജിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (ഡി.സി.ഐ) പദ്ധതികള്‍ തയ്യാറാക്കി.

കൊച്ചി കപ്പല്‍ശാല നിർമ്മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രഡ്‌ജറായ ഗോദാവരി കഴിഞ്ഞ ദിവസം ഡി.സി.ഐ ഏറ്റുവാങ്ങി. 12,000 ക്യുബിക് മീറ്റർ ആഴത്തില്‍ വരെ ഡ്രെഡ്‌ജിംഗിന് ശേഷിയുള്ളതാണ് ഗോദാവരി. രണ്ട് ഡ്രഡ്‌ജറുകള്‍ കൂടി കൊച്ചിയില്‍ നിർമ്മിക്കും.

അമേരിക്ക, യൂറോപ്പ്, ചൈന, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികളാണ് ഡ്രഡ്‌ജിംഗിലെ വമ്പന്മാർ. നിലവില്‍ ആഗോളതലത്തില്‍ എട്ടാം സ്ഥാനത്താണ് ഇന്ത്യ. മൂന്നുവർഷത്തിനകം അഞ്ചാം സ്ഥാനമാണ് ലക്ഷ്യമിടുന്നത്.

7,500 കിലോമീറ്റർ ഇന്ത്യൻ തീരത്തിന് പുറമെ, വിദേശങ്ങളിലും ഡ്രഡ്‌ജിംഗ് കരാറുകള്‍ ഡി.സി.ഐ ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ട്. 13 ഡ്രഡ്‌ജറുകളും അനുബന്ധ സംവിധാനങ്ങളും നിലവിലുണ്ട്. ഗോദാവരി ഉള്‍പ്പെടെ മൂന്നു ഡ്രഡ്‌ജറുകള്‍ കൂടി ചേരുന്നതോടെ വൻവളർച്ചയാണ് ലക്ഷ്യമിടുന്നത്. മൂലധനം വർദ്ധിപ്പിക്കാൻ 500 കോടി രൂപയുടെ പബ്ളിക് ഇഷ്യൂവിനും നടപടി ആരംഭിച്ചു.

തുറമുഖങ്ങളുടെ വികസനം, പുതിയ തുറമുഖങ്ങളുടെ നിർമ്മാണം, കപ്പല്‍ ഗതാഗതത്തിലെ വളർച്ച, ഉള്‍നാടൻ ജലപാതകളുടെ നിർമ്മാണവും വികസനവും, സാഗരമാല പദ്ധതി തുടങ്ങിയവ വൻ സാദ്ധ്യതകളാണ് തുറക്കുക. കപ്പല്‍ച്ചാലുകളുടെ ആഴവും വീതിയും കൂട്ടല്‍, അനുബന്ധ നിർമ്മാണങ്ങള്‍, കണ്‍സള്‍ട്ടൻസി മേഖലകളില്‍ വൻ വളർച്ച എന്നിവ കൈവരിക്കാൻ കഴിയുമെന്ന് ഡി.സി.ഐ വൃത്തങ്ങള്‍ പറഞ്ഞു.

1976ല്‍ സ്ഥാപിതമായ കോർപ്പറേഷനിലെ കേന്ദ്ര സർക്കാർ ഓഹരികള്‍ 2019ല്‍ വിശാഖപട്ടണം, ജവഹർലാല്‍, പാരദ്വീപ് പോർട്ട് ട്രസ്റ്റുകള്‍ക്ക് കൈമാറി കമ്പനിയാക്കി. വിശാഖപട്ടണം ആസ്ഥാനമായ ഡി.സി.ഐയുടെ ദക്ഷിണമേഖലാ ഓഫീസും പ്രൊജക്‌ട് ഓഫീസും കൊച്ചിയില്‍ പ്രവർത്തിക്കുന്നു.

ഇന്ത്യൻ ഡ്രഡ്‌ജിംഗ് വിപണി
2024ല്‍ 314.3 ദശലക്ഷം ഡോളർ
2035 ലക്ഷ്യം 621.9 ദശലക്ഷം ഡോളർ
ഡി.സി.ഐ വിഹിതം 80 %

കൊച്ചിയിലെ സേവനങ്ങള്‍
കൊച്ചി തുറമുഖത്തെയും കപ്പല്‍ ചാലിലെയും ആഴം വർദ്ധിപ്പിക്കല്‍
നാവികസേനാ ചാനലിലെ ആഴം വർദ്ധിപ്പിക്കല്‍
കൊച്ചി കപ്പല്‍ശാല ചാനലിലെ ആഴം വർദ്ധിപ്പിക്കല്‍

X
Top