
. ജനുവരി- മേയ് കാലയളവിൽ കയറ്റുമതി ചെയ്തത് 2.13 കോടി
ന്യൂഡൽഹി: ആഗോള സ്മാര്‍ട്ഫോൺ വ്യാപാരത്തില്‍ ചരിത്രം കുറിക്കുകയാണ് രാജ്യം. 2025ന്റെ ആദ്യ അഞ്ച് മാസക്കാലയളവില്‍ ഇന്ത്യയിൽ നിന്നും യുഎസ് വിപണിയിലേക്കുള്ള സ്മാര്‍ട്ഫോണ്‍ കയറ്റുമതി 36 ശതമാനമായി ഉയർന്നു.
ഐഫോണിന്റെ കയറ്റുമതിയിൽ ചൈനയുടെ ‘അപ്രമാദിത്തത്തിന്’ ഇന്ത്യ കടിഞ്ഞാണിട്ടുവെന്ന പ്രത്യേകതയുമുണ്ട് ഈ വളർച്ചയ്ക്ക് പിന്നിൽ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ‘പകരച്ചുങ്കം’ പ്രഖ്യാപിച്ചതിന് പിന്നാലെ യുഎസും ചൈനയും തമ്മിലെ ചുങ്കപ്പോര് വഷളായതും ചൈനയെ ആശ്രയിക്കുന്നത് കുറച്ച് ഇന്ത്യയിൽ ഐഫോൺ നിർമാണം കൂട്ടിയതുമാണ് കയറ്റുമതി വർധിക്കാൻ കാരണമായത്.
ജനുവരി- മേയ് കാലയളവിൽ 2.13 കോടി സ്മാര്‍ട്ഫോണുകളാണ് ഇന്ത്യ യുഎസിലേക്ക് കയറ്റുമതി ചെയ്തത്. മുൻ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് മൂന്ന് മടങ്ങ് വർധനവാണ് രേഖപ്പെടുത്തിയത്. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ 935 കോടി ഡോളറിന്റെ സ്മാര്‍ട്ഫോണ്‍ ഇറക്കുമതിയാണ് നടന്നത്.
2024 വര്‍ഷത്തെ മൊത്തം മൊത്തം ഇറക്കുമതിയേയും മറികടന്നാണ് വളര്‍ച്ച. മൂല്യ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കയറ്റുമതി നടത്തുന്നതും സ്മാര്‍ട്ഫോണുകളാണ്. ‘മെയ്ക്ക് ഇൻ ഇന്ത്യ’ ഐഫോൺ കയറ്റുമതി നിലവിലെ മുന്നേറ്റ ട്രെൻഡ് തുടരാനുള്ള സാധ്യത വിരളമാണെന്ന വിലയിരുത്തലുകളുമുണ്ട്.
ശരാശരി 2 കോടി ഐഫോണുകളാണ് ഓരോ ത്രൈമാസത്തിലും യുഎസിലെ ആവശ്യം. ഇത്രയും ഐഫോണുകൾ നിർമിക്കാനുള്ള ശേഷിയിലേക്ക് ഇന്ത്യയിലെ പ്ലാന്റുകൾ 2026ലേ എത്തൂ എന്നാണ് കണക്കുകൂട്ടൽ.
യുഎസിലേക്കുള്ള സ്മാര്‍ട്ഫോണ്‍ കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്ത് ചൈനയാണെങ്കിലും നഷ്ടപ്പെടുന്ന ആധിപത്യംതിരിച്ച് പിടിക്കാനുളള ശക്തമായ ശ്രമങ്ങളും ചൈന നടത്തുന്നുണ്ട്. ഈ വര്‍ഷത്തിന്റെ ആദ്യ അഞ്ച് മാസക്കാലയളവില്‍ ചൈനയുടെ സ്മാര്‍ട്ഫോണ്‍ കയറ്റുമതി 27 ശതമാനം ഇടിഞ്ഞ് 2.94 കോടി യൂണിറ്റായി കുറഞ്ഞു.
അതായത് 1,000 കോടി ഡോളറിന്റെ സ്മാര്‍ട്ഫോണുകളാണ് ചൈന യുഎസിലേക്ക് കയറ്റുമതി നടത്തിയത്. 2024ന്റെ ആദ്യത്തില്‍ 82 ശതമാനമുണ്ടായിരുന്നു വിഹിതം 2025ല്‍ 49 ശതമാനമായി കുറഞ്ഞു. സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി വിഹിതം കുറഞ്ഞതിനു പിന്നാലെ വില കുറച്ച് വിപണി പിടിക്കാനുള്ള ശ്രമം ചൈനീസ് നിര്‍മാതാക്കള്‍ ആരംഭിച്ചിട്ടുണ്ട്.
2020 മുതല്‍ ആപ്പിള്‍ ഐഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നുണ്ട്. ആദ്യം പഴയ മോഡലുകള്‍ മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ ഐഫോണ്‍ നിര പൂര്‍ണമായും ഫോക്‌സ്‌കോണ്‍ ഉള്‍പ്പെടെയുള്ള നിര്‍മാതാക്കള്‍ ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്.
നിലവില്‍ മൊത്തം ഐഫോണ്‍ ഉത്പാദനത്തിന്റെ 20 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. ഇക്കഴിഞ്ഞ മേയില്‍ ഫോക്‌സ്‌കോണ്‍ ഇന്ത്യന്‍ യൂണിറ്റില്‍ 1.19 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു.
എന്നിരുന്നാലും ഇന്ത്യയുടെ വിതരണ ശൃംഖല ചൈനയേക്കാള്‍ ചെറുതാണ്. എന്നാല്‍ വളര്‍ച്ച പ്രാപിക്കുന്നുമുണ്ട്. 2023 ല്‍ 14 ആപ്പിളിന്റെ ഇന്ത്യന്‍ വിതരണക്കാരുടെ എണ്ണം 14 ആയിരുന്നുവെങ്കില്‍ 2025ല്‍ 64 ആയി.
അതേസമയം ചൈനയില്‍ 115 വിതരണക്കാരുണ്ട്. ഇതിന് പുറമെ, ഇന്ത്യയിലെ ഉത്പാദനം കുറയ്ക്കാനും അമേരിക്കയിൽ ഫാക്ടറി സ്ഥാപിക്കാനും ആപ്പിളിനുമേൽ ട്രംപിന്റെ വലിയ സമ്മർദവുമുണ്ട്.
ഇന്ത്യയിലോ മറ്റേതെങ്കിലും രാജ്യത്തോ നിർമിച്ച് യുഎസിൽ വിൽപനയ്ക്കെത്തിക്കുന്ന ഐഫോണിന് 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണിയും നിലനില്ക്കുന്നുണ്ട്.