
ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്റസ് കമ്പനികളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും എഐ ഉള്ളടക്കങ്ങള്‍ വ്യക്തമായി ലേബല്‍ ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത് നിര്‍ബന്ധമാക്കുന്ന നിയമം ഉടന്‍ നടപ്പാക്കും. എഐ ദുരുപയോഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നീക്കം.
നിര്‍ദിഷ്ട നിയമ പ്രകാരം, ദൃശ്യങ്ങളിലും ഓഡിയോ ക്ലിപ്പുകളിലും യഥാക്രമം സ്‌ക്രീന്‍ ഏരിയയുടെ 10 ശതമാനത്തിലും ദൈര്‍ഘ്യത്തിന്റെ ആദ്യ പത്ത് ശതമാനത്തിലും എഐ ഉള്ളടക്കമെന്ന് രേഖപ്പെടുത്തണം. വീഡിയോ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ളതാണെങ്കില്‍ ആറ് സെക്കന്റ് നേരത്തേയ്ക്ക് എഐ എന്ന് പ്രദര്‍ശിപ്പിക്കണം.
ചിത്രമാണെങ്കില്‍ അതിന്റെ പ്രധാനഭാഗത്ത് എഐ ലേബലുണ്ടാകണം. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോക്താക്കളോട് ചോദിച്ച് എഐ ഉള്ളടക്കമാണോ എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. കൂടാതെ ഐഐ ഉള്ളടക്കം കണ്ടെത്താനുള്ള സംവിധാനം സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള്‍ സ്ഥാപിക്കണം. കരട് നിയമങ്ങളില്‍ പൊതുജനങ്ങള്‍ക്കും കമ്പനികള്‍ക്കും നവംബര്‍ 6 വരെ അഭിപ്രായം രേഖപ്പെടുത്താം.
ഏകദേശം ഒരു ബില്യണ്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ള ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ വിപണികളില്‍ ഒന്നാണ്. അതുകൊണ്ടുതന്നെ വ്യാജ വാര്‍ത്തകളും കൃത്രിമ മാധ്യമങ്ങളും അക്രമത്തിനോ അശാന്തിക്കോ കാരണമാകുമെന്ന് സര്‍ക്കാര്‍ ഭയപ്പെടുന്നു. പ്രത്യേകിച്ച് വൈവിധ്യമാര്‍ന്ന മത-വംശീയ സമൂഹങ്ങളുള്ള ഒരു രാജ്യത്ത്. രാഷ്ട്രീയ നേതാക്കളുടെ ഡീപ്ഫേക്ക് വീഡിയോകള്‍ സമീപ തെരഞ്ഞെടുപ്പുകളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.
ജനറേറ്റീവ് എഐയുടെ ദോഷഫലങ്ങള്‍ പ്രകടമാണ്.