
മുംബൈ: കേന്ദ്ര സർക്കാരിന്റെ മെയ്ക് ഇൻ ഇന്ത്യ പദ്ധതി വൻ വിജയമെന്ന് റിപ്പോർട്ട്. മാർച്ച് 31ന് അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്ത് നിന്ന് ഏകദേശം 85,000 കോടി രൂപയുടെ ഫോണുകള്‍ കയറ്റുമതി ചെയ്തു.
ഉപഭോക്തൃ ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ പ്രാദേശിക നിർമാണത്തിനായി സർക്കാർ വലിയ സഹായമാണ് നൽകുന്നത്.
ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്‌ട്രോണിക്‌സ് അസോസിയേഷൻ (ഐസിഇഎ) ഐഎഎൻഎസിന് നൽകിയ കണക്കുകൾ പ്രകാരം 2022-2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്ന് 1000 കോടി ഡോളർ മൂല്യമുള്ള സ്‌മാർട് ഫോൺ കയറ്റുമതി ചെയ്തെന്നാണ്.
കേന്ദ്ര സർക്കാരിന്റെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്കീമുകൾ സജീവമായതോടെ ഇന്ത്യയിൽ നിന്നുള്ള സ്മാർട് ഫോൺ കയറ്റുമതി മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തിക വർഷം ഇരട്ടിയായി.
ഐസിഇഎയുടെ കണക്കുകൾ പ്രകാരം യുഎഇ, യുഎസ്, നെതർലൻഡ്‌സ്, യുകെ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യ നിലവിൽ ഫോണുകൾ കയറ്റുമതി ചെയ്യുന്നത്.
ഫോൺ നിർമാണ മേഖലയിൽ നിന്നുള്ള വരുമാനം 4000 കോടി ഡോളറിലെത്തും, ഇതിൽ 25 ശതമാനം കയറ്റുമതി ചെയ്യാനാകുന്നത് വലിയ നേട്ടമാണെന്നും ഐസിഇഎ ചെയർമാൻ പങ്കജ് മൊഹിന്ദ്രൂ പറഞ്ഞിരുന്നു.
ഇന്ത്യയിൽ വിൽക്കുന്ന സ്‌മാർട് ഫോണുകളിൽ 97 ശതമാനവും ഇപ്പോൾ തദ്ദേശീയമായി ഉൽപാദിപ്പിക്കുന്നവയാണ്. ഇന്ത്യ ഇപ്പോൾ ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഫോൺ നിർമാതാക്കളാണ്.
ഈ വർഷം മൊബൈൽ ഫോൺ കയറ്റുമതിയിൽ രാജ്യം ഒരു ലക്ഷം കോടി രൂപ കടക്കുമെന്നതിനാൽ 2023 ഒരു നാഴികക്കല്ലായിരിക്കുമെന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
2022ൽ 80-85 ശതമാനം ഐഫോണുകൾ നിർമിച്ച ചൈനയ്ക്ക് തുല്യമായി, 2027 ഓടെ ആപ്പിളിന്റെ 45-50 ശതമാനം ഐഫോണുകളും ഇന്ത്യയിൽ നിർമിക്കാൻ സാധ്യതയുണ്ട്.