
ന്യൂഡല്‍ഹി: ഇന്ത്യയുടെ സേവന മേഖല വളര്‍ച്ച 15 വര്‍ഷത്തെ ഉയര്‍ന്ന തോതിലായി.പിഎംഐ ഡാറ്റ വ്യക്തമാക്കുന്നു. ശക്തമായ ഡിമാന്റിന്റെ പിന്‍ബലത്തിലാണിത്.
എസ് ആന്റ് പി ഗ്ലോബല്‍ സമാഹരിച്ച എച്ച്എസ്ബിസിയുടെ ഇന്ത്യ സര്‍വീസസ് പര്‍ച്ചേസിംഗ് മാനേജേഴ്സ് ഇന്‍ഡെക്‌സ് (പിഎംഐ) കഴിഞ്ഞ മാസം 62.9 ആയി ഉയര്‍ന്നു. ജൂലൈയില്‍ 60.5 ആയിരുന്ന സ്ഥാനത്താണിത്. ഡിമാന്റിന്റെ പ്രധാന സൂചകമായ പുതിയ ബിസിനസ്സുകളുടെ വികാസം 2010 ജൂണിന് ശേഷമുള്ള ഉയര്‍ന്ന വേഗത്തിലാണ്.
അന്താരാഷ്ട്ര ഡിമാന്റിന്റെ പിന്‍ബലത്തില്‍ കയറ്റുമതി ഓര്‍ഡറുകള്‍ 14 മാസത്തെ ശക്തമായ വളര്‍ച്ച രേഖപ്പെടുത്തി. ഡിമാന്റുയര്‍ന്നതോടെ ചെലവുകള്‍ കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി.
ഇതോടെ പണപ്പെരുപ്പം 2012 ന് ശേഷമുള്ള ഉയര്‍ന്ന നിലയിലേയ്ക്ക് ഉയര്‍ന്നു. ആനുപാതികമായി ഇന്‍പുട്ട് ചെലവുകളിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. അത് ഒന്‍പത് മാസത്തെ വേഗം കൈവരിക്കുകയായിരുന്നു.
ബിസിനസ് ആത്മവിശ്വാസം മൂന്നുമാസത്തെ ഉയര്‍ന്ന നിലയിലായെങ്കിലും തൊഴില്‍ സൃഷ്ടിയിലെ വര്‍ദ്ധനവ് പരിമിതമാണ്. സേവന, നിര്‍മ്മാണ മേഖലകളെ സംയോജിപ്പിക്കുന്ന കോമ്പോസിറ്റ് പിഎംഐ, ജൂലൈയിലെ 61.1 ല്‍ നിന്ന് ഓഗസ്റ്റില്‍ 17 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 63.2 ആയി.
സൂചികയില്‍ 50 ല്‍ മുകളിലുള്ള റീഡിംഗ് വളര്‍ച്ചയേയും താഴെ വളര്‍ച്ചാരാഹിത്യത്തേയും സൂചിപ്പിക്കുന്നു.






