മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന; വിപുലമായ പദ്ധതികളുമായി ‘വയോജന സൗഹൃദ ബജറ്റ്’ചെറുകിട സംരംഭങ്ങൾക്ക് ബജറ്റിൽ വൻ കൈത്താങ്ങ്തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാൻ 1000 കോടി പ്രഖ്യാപിച്ച് കേരളംസമുദ്ര മേഖലയിലെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് കൊമാര്‍സസാമ്പത്തിക സർവെയുടെ വിശദാംശങ്ങൾ

SU-57E ഇന്ത്യയിൽ നിർമിക്കാനുള്ള സംയുക്ത പദ്ധതിക്ക് ഇന്ത്യ- റഷ്യ നീക്കം

ഹൈദരാബാദ്: ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം പുതിയ ഘട്ടത്തിലേക്ക്. അഞ്ചാം തലമുറ യുദ്ധവിമാനമായ സുഖോയ് എസ്.യു.-57ഇ സംയുക്തമായി ഇന്ത്യയിൽ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക ചർച്ചകൾ അവസാന ഘട്ടത്തിലാണെന്ന് റഷ്യൻ യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷൻ (UAC) സിഇഒ വാദിം ബദേഖ വെളിപ്പെടുത്തി.

ഹൈദരാബാദിൽ നടന്ന വിങ്സ് ഇന്ത്യ (Wings India) എയർ ഷോയ്ക്കിടെയാണ് ഈ സുപ്രധാന വിവരങ്ങൾ പുറത്തുവിട്ടത്. നിലവിൽ ഇന്ത്യയിൽ സുഖോയ് എസ്.യു-30 എംകെഐ വിമാനങ്ങൾ നിർമ്മിക്കുന്ന അതേ പ്ലാന്റുകളിൽ തന്നെ എസ്.യു.-57ഇ വിമാനങ്ങളും നിർമ്മിക്കാനാണ് ആലോചന.

ഇന്ത്യയുടെ ആത്മനിർഭർ ഭാരത് പദ്ധതിക്ക് മുൻഗണന നൽകിക്കൊണ്ട്, ഇന്ത്യൻ വ്യവസായ മേഖലയെയും സാങ്കേതിക വിദ്യകളെയും വിമാന നിർമ്മാണത്തിൽ പരമാവധി ഉൾപ്പെടുത്താനാണ് ചർച്ചകൾ ലക്ഷ്യമിടുന്നത്. എസ്.യു-30 എകെഐ വിമാനങ്ങൾ നിർമിക്കുന്നതുപോലെ ഇന്ത്യൻ സാങ്കേതിക വിദ്യകളും ഇന്ത്യൻ നിർമിത ഘടകങ്ങളും ഉൾപ്പെടുത്തിയാകും എസ്.യു-57 ഇയും നിർമിക്കുക. എസ്.യു-30 എകെഐ വിമാനങ്ങളുടെ എൻജിൻ നിർമിക്കുന്നതിലും ഇന്ത്യൻ ഘടകങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽനിന്ന് ഈ വിമാനങ്ങൾ വാങ്ങാൻ അർമേനിയ താത്പര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്.

പ്രതിരോധ വിമാനങ്ങൾക്ക് പുറമെ, റീജിയണൽ ജെറ്റുകളായ എസ്.ജെ-100 നിർമ്മാണത്തിനായി റഷ്യയുടെ യു.എ.സിയും ഇന്ത്യയുടെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡും (HAL) തമ്മിൽ കരാറിൽ ഒപ്പിട്ടു. ഇന്ത്യയിൽ ഈ വിമാനങ്ങളുടെ സർട്ടിഫിക്കേഷൻ, അറ്റകുറ്റപ്പണികൾ, സ്‌പെയർ പാർട്സ് നിർമ്മാണം എന്നിവയിൽ എച്ച്.എ.എൽ നിർണ്ണായക പങ്കുവഹിക്കും.

റഷ്യയുടെ ഈ പുതിയ നീക്കം പാശ്ചാത്യ ഉപരോധങ്ങളെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. പൂർണ്ണമായും റഷ്യൻ സാങ്കേതിക വിദ്യയിൽ നിർമ്മിച്ച, ഉപരോധങ്ങളെ ഭയപ്പെടേണ്ടതില്ലാത്ത സൂപ്പർജെറ്റ്-100 മോഡലാണ് ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ നിർമ്മിക്കുന്ന വിമാനഭാഗങ്ങൾ ഇന്ത്യയിലെ ആവശ്യങ്ങൾക്ക് പുറമെ റഷ്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാനും ഈ പദ്ധതി വഴി സാധിക്കുമെന്ന് ബദേഖ പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്ത്യയുടെ സ്വന്തം അഞ്ചാം തലമുറ യുദ്ധവിമാന പദ്ധതിയായ എ.എം.സി.എ വികസിപ്പിക്കുന്നതിന് റഷ്യയുടെ സഹായം ഈ ചർച്ചകളുടെ ഭാഗമായി വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. സ്റ്റെൽത്ത് സാങ്കേതികവിദ്യ ഉൾപ്പെടെയുള്ളവയിൽ റഷ്യൻ വൈദഗ്ധ്യം ഇന്ത്യയ്ക്ക് ഗുണകരമായേക്കാം, എങ്കിലും ഇന്ത്യൻ ഏവിയോണിക്‌സുമായി ഇവ സംയോജിപ്പിക്കുന്നത് വെല്ലുവിളിയായി തുടരുന്നു.

നിലവിൽ റഷ്യൻ ഭാഗത്തുനിന്നാണ് ഈ വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടുള്ളത്. ഇന്ത്യൻ പ്രതിരോധ മന്ത്രാലയം ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുദ്ധവിമാന നിർമാണമുൾപ്പെടെയുള്ള പദ്ധതിയിൽ ബൗദ്ധിക സ്വത്തവകാശം, പദ്ധതിയിലെ ഇന്ത്യയുടെ പങ്കാളിത്തം എന്നിവയിൽ അന്തിമ തീരുമാനമായിട്ടില്ല. ഇതുകൂടി പൂർത്തിയായാൽ പ്രതിരോധ രംഗത്ത് ഇന്ത്യ- റഷ്യ സഹകരണത്തിൽ പുതിയ യുഗപ്പിറവിക്ക് കാരണമാകും.

അതേസമയം, ഇതിനോട് യുഎസ് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. ഇന്ത്യയ്‌ക്കെതിരെ കൂടുതൽ തീരുവ ചുമത്തുകയോ ഉപരോധം കൊണ്ടുവരികയോ ചെയ്‌തേക്കാം. അതിനാൽ കരുതലോടെയാണ് ഇക്കാര്യത്തിൽ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള നീക്കങ്ങൾ.

X
Top