മുംബൈ: ലോകത്തിനു മുൻപിൽ തലയുയർത്തി നിൽക്കാൻ വിധം നിരവധി ബിസിനസ് സംരംഭങ്ങളും സംരംഭകരും ഇന്ന് ഇന്ത്യക്ക് ഉണ്ട്. ഇപ്പോഴിതാ ആഗോളതലത്തിൽ തന്നെ ഏറ്റവും മികച്ച 9 ഡീപ്ടെക് ഇക്കോ സിസ്റ്റങ്ങളിൽ ഇന്ത്യ ആറാം സ്ഥാനം നേടിയിരിക്കുകയാണ്.
ടെക്നോളജി മേഖലയിലെ സുപ്രധാന സംഘടനയായ നാസ്കോം ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. നിലവിൽ രാജ്യത്ത് ആകെ 3,600 ഡീപ്‌ടെക്ക് സ്റ്റാർട്ടപ്പുകളാണുള്ളത്. കഴിഞ്ഞ വർഷം 850 മില്യൺ ഡോളറോളം നിക്ഷേപം സ്റ്റാർട്ടപ്പുകളിൽ നിന്ന് ഇന്ത്യയ്ക്ക് നേടാനായി.
കൂടാതെ കഴിഞ്ഞവർഷം മാത്രം 480 ഡീപ്‌ടെക്ക് സ്റ്റാർട്ടപ്പുകളാണ് ഇന്ത്യയില്‍ ആരംഭിച്ചത്. നാസ്‌കോമിൻ്റെയും സിനോവിൻ്റെയും റിപ്പോർട്ട് പ്രകാരം 2022-ൽ ആരംഭിച്ച ഡീപ്‌ടെക്ക് സ്റ്റാർട്ടപ്പുകളെക്കാൾ രണ്ടു മടങ്ങ് വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതോടൊപ്പം ഈ വർഷം ആരംഭിച്ച ഡീപ്‌ടെക്ക് സ്റ്റാർട്ടപ്പുകളില്‍ 74 ശതമാനവും നിർമിത ബുദ്ധി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. 2014 മുതൽ 2022 വരെയുള്ള കാലയളവിൽ ഇത് 62 ശതമാനം മാത്രമായിരുന്നു.അതിൽ നിന്ന് ഗണ്യമായ വർദ്ധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
അഗ്നികുൽ, ഗാലക്സി ഐ, ഹെല്‍ത്ത്പ്ലിക്സ്, സര്‍വം എഐ, പെപ്ട്രിസ് തുടങ്ങിയവ ആരോഗ്യം, സുസ്ഥിരത, സ്പേസ്-ടെക് തുടങ്ങിയ മേഖലകളില്‍ നിന്ന് ഉയര്‍ന്നുവന്ന ഡീപ്‌ടെക് സ്റ്റാര്‍ട്ട് അപ്പുകളാണ്.
കൂടാതെ നിർമ്മിത ബുദ്ധി ( AI) , ക്വാണ്ടം കമ്പ്യൂട്ടിംഗ്, സ്പേസ്-ടെക്, നെക്സ്റ്റ്-ജെൻ റോബോട്ടിക്‌സ് തുടങ്ങിയ മേഖലകൾ ഉൾപ്പെടുത്തി വിദ്യാഭ്യാസം, വിനോദം, വാണിജ്യം, കൃഷി, വ്യാവസായിക ഉൽപ്പാദനം എന്നീ രംഗത്ത് ഫലപ്രദമായി പ്രയോജനപ്പെടുത്താനാണ് ഡീപ്ടെക് സ്റ്റാർട്ടപ്പുകൾ ലക്ഷ്യമിടുന്നതെന്നും നാസ്‌കോം ഡീപ്‌ടെക് കൗൺസിൽ പ്രതിനിധി ജയേന്ദ്രൻ വേണുഗോപാൽ പറഞ്ഞു.
ഇതോടെ ടെക്‌നോളജി സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ രാജ്യം മൂന്നാം സ്ഥാനം നേടി. കൂടാതെ ഡീപ്‌ടെക് സ്റ്റാർട്ടപ്പുകളുടെ കാര്യത്തിൽ രാജ്യം ആറാം സ്ഥാനവും സ്വന്തമാക്കിയിരിക്കുകയാണ്.