
ദുബായിൽ ഏഷ്യ-കപ്പിൽ സെപ്റ്റംബർ 14നാണ് ഇന്ത്യ-പാക് മത്സരം. ഇക്കുറിയും ഇന്ത്യ-പാക്ക് ക്രിക്കറ്റ് പോരിൽ തീപാറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മത്സരത്തിന്റെ ടിക്കറ്റ് ചൂടപ്പംപോലെ വിറ്റഴിയുകയാണ്.
1,500 ദിർഹത്തിലാണ് (ഏകദേശം 35,000 രൂപ) ജനറൽ ടിക്കറ്റ് നിരക്കുകൾ എങ്കിലും കരിഞ്ചന്തയിൽ വില ഇരട്ടിയിലേറെയായി. 11,000 ദിർഹത്തിന് (2.6 ലക്ഷം രൂപ) വ്യാജ ടിക്കറ്റുകളുടെ വിൽപനയും നടക്കുന്നുണ്ടെന്നും ആരാധകർ ശ്രദ്ധിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
ടെലിവിഷനിലും ഒടിടിയിലും മത്സരത്തിന്റെ പരസ്യനിരക്കും കുതിച്ചുകയറിയിട്ടുണ്ട്. സോണി സ്പോർട്സ് നെറ്റ്‍വർക്ക്, സോണി ലിവ് എന്നവയിലാണ് സംപ്രേഷണം. ഒറ്റ സെക്കൻഡിന് ഒന്നരലക്ഷം രൂപയിലധികമാണ് പരസ്യനിരക്കെന്നാണ് റിപ്പോർട്ടുകൾ. 10 സെക്കൻഡുള്ള പരസ്യത്തിനുപോലും 14-16 ലക്ഷം രൂപയാകും.
കോ-സ്പോൺസർഷിപ്പ് 18 കോടി രൂപ, അസോഷ്യേറ്റ് സ്പോൺസർഷിപ്പ് 13 കോടി എന്നിങ്ങനെയും ടിവി പരസ്യത്തിന് ഈടാക്കുമെന്നാണ് റിപ്പോർട്ടുകൾ. കോ-പ്രസന്റിങ് പാർട്ണർക്ക് 30 കോടി, കോ-പവേഡ് പായ്ക്കേജിന് 18 കോടി എന്നിങ്ങനെയുമാണ് നിരക്കുകൾ.
ഡിപി വേൾഡ്, സ്പിന്നി, ഗ്രോ, റോയൽ സ്റ്റാഗ്, ഹെയർ, ഡൈകിൻ തുടങ്ങിയവയാണ് ഏഷ്യ കപ്പിന്റെ സ്പോൺസർഷിപ്പ്, ഒഫിഷ്യൽ പാർട്ണേഴ്സ് എന്നിവയായി ഏഷ്യൻ ക്രിക്കറ്റ് കൗൺസിലുമായി സഹകരിക്കുന്നത്.