
ന്യൂഡൽഹി: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള നിര്‍ദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചര്‍ച്ചകളില്‍ ഉടന്‍ അന്തിമരൂപമാകുമെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍. നാലാം റൗണ്ട് ചര്‍ച്ചകള്‍ അവസാനിച്ചതിന് ശേഷം, ഇരുപക്ഷവും അടുത്തിടെ ഔദ്യോഗിക, മന്ത്രി തലങ്ങളില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
കഴിഞ്ഞ ആഴ്ച, ന്യൂസിലന്‍ഡ് വ്യാപാര മന്ത്രി ടോഡ് മക്ലേ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായി ചര്‍ച്ചകളുടെ പുരോഗതി അവലോകനം ചെയ്യാന്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
കരാര്‍ ഉടന്‍ തന്നെ പൂര്‍ത്തിയാകുമെന്നും അന്തിമരൂപം നല്‍കുമെന്നും അഗര്‍വാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഈ വര്‍ഷം മാര്‍ച്ച് 16 നാണ് ചര്‍ച്ചകള്‍ ഔപചാരികമായി ആരംഭിച്ചത്. 2024-25 ല്‍ ന്യൂസിലന്‍ഡുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ചരക്ക് വ്യാപാരം 1.3 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 49 ശതമാനം വളര്‍ച്ച ഇവിടെ രേഖപ്പെടുത്തി.
നിര്‍ദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാര്‍ ഉഭയകക്ഷി വ്യാപാരം കൂടുതല്‍ വര്‍ധിപ്പിക്കുകയും നിക്ഷേപ ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കൂടാതെ വിതരണ ശൃംഖലയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ഇരു രാജ്യങ്ങളിലെയും ബിസിനസുകള്‍ക്കായി ഒരു മികച്ച ചട്ടക്കൂട് സൃഷ്ടിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ന്യൂസിലന്‍ഡിന്റെ ശരാശരി ഇറക്കുമതി തീരുവ വെറും 2.3 ശതമാനം മാത്രമാണ്.
ഒരു സ്വതന്ത്ര വ്യാപാര കരാറില്‍, രണ്ട് രാജ്യങ്ങള്‍ പരസ്പരം വ്യാപാരം ചെയ്യാവുന്ന പരമാവധി സാധനങ്ങളുടെ കസ്റ്റംസ് തീരുവ ഗണ്യമായി കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നു. ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങളും അവര്‍ ലഘൂകരിക്കുന്നു.






