
ന്യൂഡൽഹി: ഡോണൾഡ് ട്രംപിന്റെ ‘പകരം തീരുവ’ പ്രാബല്യത്തിലാവും മുൻപ് യുഎസുമായി ഇടക്കാല വ്യാപാര കരാർ ഇന്ത്യ ഒപ്പിട്ടേക്കും. ജൂൺ 9നാണ് ഇന്ത്യയ്ക്കെതിരെയുള്ള 26% ‘പകരം തീരുവ’ പ്രാബല്യത്തിൽ വരുന്നത്.
ഇതിനു മുൻപായി ഇടക്കാല കരാറിലൂടെ യുഎസിനെ ‘പകരം തീരുവ’യിൽ നിന്ന് പിന്തിരിപ്പിക്കാൻ കഴിയുമോയെന്നാണ് ഇന്ത്യ ശ്രമിക്കുന്നത്.
ഏപ്രിൽ രണ്ടിനാണ് ‘പകരം തീരുവ’ യുഎസ് ചുമത്തിയത്. എന്നാൽ പിറ്റേന്നു തന്നെ 90 ദിവസത്തേക്ക് തീരുമാനം മരവിപ്പിച്ചു. പക്ഷേ, 10 ശതമാനമെന്ന കുറഞ്ഞ തീരുവ നിലവിൽ ബാധകമാണ്.
സാവകാശമായി നൽകിയ 90 ദിവസത്തിനിടയ്ക്ക് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുമായി വ്യാപാരചർച്ച നടത്തുമെന്ന് യുഎസ് അറിയിച്ചിരുന്നു. ചൈനയുമായി യുഎസ് ഇടക്കാല ധാരണയിലെത്തിക്കഴിഞ്ഞു. ബ്രിട്ടനുമായും യുഎസ് കരാർ ഒപ്പിട്ടു. ഇനി ഇന്ത്യയുടെ ഊഴമാണ്.
വ്യാപാരക്കരാർ നിലവിൽ വരുമ്പോൾ കൃഷി, ക്ഷീര മേഖലകളെ സംരക്ഷിക്കുന്നതിനായി ഈ ശ്രേണിയിൽപ്പെട്ട ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് മിനിമം തുക നിശ്ചയിക്കുകയോ ക്വോട്ട ഏർപ്പെടുത്തുകയോ ചെയ്യും.
നിശ്ചിത വിലയ്ക്കു താഴെയുള്ള ഉൽപന്നങ്ങളുടെ ഇറക്കുമതി തടഞ്ഞും, അളവിൽ നിയന്ത്രണം ഏർപ്പെടുത്തിയും ആഭ്യന്തര ഉൽപാദന മേഖലയെ സംരക്ഷിക്കാമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടൽ.
കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര വാണിജ്യകാര്യമന്ത്രി പീയൂഷ് ഗോയൽ യുഎസിലെത്തി യുഎസ് ട്രേഡ് റപ്രസെന്റേറ്റീവുമായും യുഎസ് വാണിജ്യ സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു
ടെക്സ്റ്റൈൽസ്, ലെതർ മേഖലകൾക്ക് ഇന്ത്യ ഇളവു തേടിയിട്ടുണ്ട്.
2030ൽ ഇന്ത്യയും യുഎസും തമ്മിലുള്ള പ്രതിവർഷ വ്യാപാരം 50,000 കോടി ഡോളറാക്കി വർധിപ്പിക്കാനാണ് കരാറിലൂടെ ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.