ന്യൂഡല്‍ഹി: ഡിസ്‌ക്കൗണ്ടില്‍ കുറവ് വരുമ്പോഴും റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നതില്‍ നിന്നും ഇന്ത്യന്‍ ഉപഭോക്താക്കള്‍ പിന്‍മാറുന്നില്ല.നിലവില്‍ യൂറല്‍സ് കാര്‍ഗോയ്ക്ക് 8 ഡോളറിനടുത്താണ് കിഴിവ്. ഈ വര്‍ഷമാദ്യം 20 ഡോളറായിരുന്ന സ്ഥാനത്താണിത്.
ഓഗസ്റ്റ് 4 ന് ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് എത്തിച്ച യുറല്‍സ് ക്രൂഡ്, ബാരലിന് 81 ഡോളറിന് മുകളില്‍ വിലയുള്ളതായിരുന്നു. ഒരുമാസം മുന്‍പ് വെറും 68 ഡോളര്‍മാത്രമായിരുന്നു വില. എന്നാല്‍ റഷ്യയുടെ മുന്‍നിര യുറല്‍ മിശ്രിതം വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യയിലെ നാല് പ്രധാന റിഫൈനറികളിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള സമാന ഗുണനിലവാരമുള്ള ബാരലുകള്‍ ഗണ്യമായി ചെലവേറിയതാണെന്ന് ഇവര്‍ വാദിക്കുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ജൂണിലെ ഇന്ത്യന്‍ തീരങ്ങളിലെ റഷ്യന്‍ ക്രൂഡ് ലാന്‍ഡിംഗിന്റെ ശരാശരി ചെലവ് ബാരലിന് 68.17 ഡോളറാണ്. മോസ്‌കോയുടെ ഉക്രെയ്ന്‍ അധിനിവേശത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്ക്.
അതേസമയം സൗദി അറേബ്യയില്‍ നിന്നുള്ള കയറ്റുമതിയുടെ കാര്യത്തില്‍ ചെലവ് 81.78 ഡോളറാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്ത്യയുടെ റഷ്യന്‍ ക്രൂഡ് ഉപഭോഗം വര്‍ദ്ധിക്കുകയാണ്. ഉക്രെയ്ന്‍ അധിനിവേശത്തിനുശേഷം വിലകുറഞ്ഞ യുറല്‍സ് ക്രൂഡിന്റെ പ്രധാന ഉപഭോക്താക്കളാണ് ഇന്ത്യന്‍ കമ്പനികള്‍.
സൗദി അറേബ്യയെയും ഇറാഖിനെയും പിന്തള്ളി ഇന്ത്യയ്ക്ക് ക്രൂഡ് ഓയില്‍ നല്‍കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് റഷ്യയെത്തുകയും ചെയ്തു. വിലക്കയറ്റവും ഊര് ജ്ജ പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് രാജ്യം വിലകുറഞ്ഞ റഷ്യന്‍ എണ്ണയില്‍ നോട്ടമിട്ടത്.
നിലവില്‍ ഇന്ത്യയ്ക്ക് ലഭ്യമാകുന്ന ക്രൂഡിന്റെ 40 ശതമാനവും റഷ്യയില്‍ നിന്നാണ്. ഉക്രൈന്‍ അധിനിവേശത്തിന് മുന്‍പ് 2 ശതമാനമായിരുന്ന സ്ഥാനത്താണിത്.