
വാഷിങ്ടണ്‍: ഇന്ത്യ അമേരിക്കയുടെ പ്രധാനപ്പെട്ട പങ്കാളിയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ന്യൂഡല്‍ഹിയുമായുള്ള ബന്ധത്തില്‍ വാഷിങ്ടണ്‍ ഒരു ‘അസാധാരണ പരിവര്‍ത്തനത്തിന്’ വിധേയമാകുകയാണെന്നും സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റിയെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
ഇന്ന് യുഎസ് മികച്ച ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്ന് പറഞ്ഞ റൂബിയോ 21-ാം നൂറ്റാണ്ടിലെ ലോകക്രമം രൂപപ്പെടുത്തുന്നതില്‍ ഈ ബന്ധം കേന്ദ്രബിന്ദുവാണെന്നും ചൂണ്ടിക്കാട്ടി.
ട്രംപ് ഭരണകൂടം ഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഈ പശ്ചാത്തലത്തിലാണ് റൂബിയോ, ഇന്ത്യയുമായുള്ള ബന്ധത്തെ പുകഴ്ത്തിയത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കഥ ഇന്തോ-പസഫിക്കില്‍ എഴുതാന്‍ പോകുന്നുവെന്നും ഇന്ത്യയാണ് അതിന്റെ കാതലെന്നും റൂബിയോ പറഞ്ഞു. നമ്മള്‍ അസാധാരണ പരിവര്‍ത്തന ഘട്ടത്തിലാണ്. ഉക്രെയ്‌നുമായി ബന്ധപ്പട്ട പ്രശ്‌നത്തില്‍ ഇന്ത്യയുമായി അസ്വാരസ്യങ്ങളുണ്ടായെന്ന് സമ്മതിച്ച റൂബിയോ അത് പരിഹരിക്കേണ്ടതാണെന്നും അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ അമേരിക്കയുടെ നിയുക്ത അംബാസഡര്‍ സെര്‍ജിയോ ഗോറിനെ തന്റെ സ്ഥിരീകരണ ഹിയറിംഗില്‍ അദ്ദേഹം പരിചയപ്പെടുത്തി. വളരെക്കാലമായി അദ്ദേഹത്തെ അറിയാമെന്ന് റൂബിയോ പറഞ്ഞു.