
ന്യൂഡൽഹി: 2026 ഫെബ്രുവരിയിൽ ഡൽഹിയിൽ വെച്ച് നടക്കാനിരിക്കുന്ന അഞ്ച് ദിവസത്തെ എഐ ഇംപാക്ട് സമ്മിറ്റിലേക്ക് ചൈനയെ ഔദ്യോഗികമായി ക്ഷണിച്ച് ഇന്ത്യ. ഇന്ത്യയുടെ വാർഷിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സമ്മേളനത്തിലേക്ക് ഒരു പങ്കാളി രാഷ്ട്രമായി ചൈനയെ ക്ഷണിക്കുന്നത് ഇതാദ്യമായാണ്.
ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത എഐ മോഡലുകൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനും, നിർമ്മിത ബുദ്ധി മേഖലയിൽ ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്ന ഒരു നയരൂപീകരണം കൊണ്ടുവരാനുമാണ് ഈ നീക്കത്തിലൂടെ രാജ്യം ലക്ഷ്യമിടുന്നത്.
സമ്മിറ്റിൽ ഫ്രാൻസ് ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക് പ്രത്യേക മുൻഗണന നൽകുന്ന ഈ സമ്മേളനത്തിലേക്ക് ചൈനയെ ക്ഷണിച്ചത് വലിയ പ്രാധാന്യത്തോടെയാണ് ലോകം നോക്കിക്കാണുന്നത്.
കുറഞ്ഞ ചിലവിൽ എഐ മോഡലുകൾ പരിശീലിപ്പിക്കാൻ സഹായിക്കുന്ന ഡീപ്‌സീക്ക്, ക്വെൻ തുടങ്ങിയ ചൈനീസ് സാങ്കേതികവിദ്യകൾ ആഗോളതലത്തിൽ ചർച്ചയാകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
2026 ഫെബ്രുവരി 15 മുതൽ 20 വരെയാണ് സമ്മേളനം നടക്കുക. നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും 50-ലധികം രാഷ്ട്രത്തലവന്മാരും ഇതിൽ പങ്കെടുക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്, ആന്ത്രോപ്പിക് സിഇഒ ഡാരിയോ അമോഡി, ഗൂഗിൾ ഡീപ് മൈൻഡ് സിഇഒ ഡെമിസ് ഹസാബിസ് ഉൾപ്പെടെ പങ്കെടുക്കും. ഫെബ്രുവരി 18-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തലവന്മാർക്കും ലോകപ്രശസ്ത ടെക് സിഇഒമാർക്കുമായി ഔദ്യോഗിക വിരുന്നും ഒരുക്കുന്നുണ്ട്.






