ഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനംവമ്പൻ ‘ഡീലുമായി’കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയിലേക്ക്കേന്ദ്രബജറ്റിലേക്ക് കണ്ണുംനട്ട് കേരളത്തിലെ മധ്യവർഗം

കനത്ത തീരുവയിലും തളരാതെ അമേരിക്കൻ വിപണി പിടിച്ച് ഇന്ത്യ

ന്യൂഡൽഹി: പ്രസിഡന്റ് ഡോണൾഡ് ട്രംപ് കനത്ത ഇറക്കുമതി തീരുവ അടിച്ചേൽപ്പിച്ചിട്ടും വീഴാതെ ഇന്ത്യ. 50% തീരുവ പ്രാബല്യത്തിലായതിനെ തുടർന്ന് സെപ്റ്റംബറിൽ ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള കയറ്റുമതി 540 കോടി ഡോളറിലേക്ക് കുറഞ്ഞിരുന്നു.

എന്നാൽ, തൊട്ടടുത്തമാസം തന്നെ ഇത് 630 കോടി ഡോളറിലേക്ക് മെച്ചപ്പെട്ടു. നവംബറിൽ 700 കോടി ഡോളറായും ഉയർന്നു. ക്രിസ്മസ്-ന്യൂ ഇയർ ഓർഡറിന്റെ കരുത്തിൽ ഡിസംബറിലും കയറ്റുമതി കൂടുതൽ ഉഷാറായെന്നാണ് വിലയിരുത്തൽ.

മാർച്ചിനുള്ളിൽ വ്യാപാരക്കരാർ
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ചർച്ചകൾ ഇപ്പോഴും പുരോഗമിക്കുകയാണ്. 2026 മാർ‌ച്ചിനകം പ്രഖ്യാപനമുണ്ടാകുമെന്ന സൂചന കേന്ദ്രസർക്കാർതന്നെ നൽകിയിട്ടുണ്ട്. കരാർ പ്രാബല്യത്തിൽ വന്നാൽ ഇന്ത്യയ്ക്കുമേലുള്ള തീരുവ 15-20 ശതമാനത്തിലേക്ക് കുറഞ്ഞേക്കും. ഇതു കയറ്റുമതി രംഗത്ത് ചൈന, ബംഗ്ലദേശ്, വിയറ്റ്നാം, ഫിലിപ്പീൻസ്, ഇന്തൊനീഷ്യ തുടങ്ങിയ എതിരാളികൾക്കുമേൽ മൈൽക്കൈ നേടാൻ ഇന്ത്യയ്ക്ക് കരുത്താകും.

തടസ്സം ട്രംപിന്റെ ഈ ആവശ്യം
റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ട്രംപ് ചുമത്തിയ 25% പിഴച്ചുങ്കം മാത്രം ഒഴിവാക്കിയാൽപോലും ഇന്ത്യയ്ക്ക് വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തൽ. യുഎസിന്റെ കാർഷിക, ക്ഷീര ഉൽപന്നങ്ങൾക്ക് ഇന്ത്യയിൽ തീരുവ ഒഴിവാക്കണമെന്നും വ്യാപകമായ വിപണി തുറന്നുകിട്ടണമെന്നുമുള്ള ട്രംപിന്റെ ആവശ്യത്തിന്മേലാണ് വ്യാപാരക്കരാർ ഇപ്പോൾ വഴിമുടങ്ങി കിടക്കുന്നതെന്നാണ് സൂചന. ഈ ആവശ്യം അംഗീകരിച്ചാൽ ഇന്ത്യയിൽ വീണ്ടും കർഷക പ്രക്ഷോഭം ആളിക്കത്തിയേക്കാം. അതുകൊണ്ടുതന്നെ, ഇക്കാര്യത്തിൽ ഇന്ത്യ അനുകൂല നിലപാട് സ്വീകരിച്ചിട്ടുമില്ല.

ഇന്ത്യ മിന്നിത്തിളങ്ങും
ഇന്ത്യ-യുഎസ് ഉഭയകക്ഷി കരാർ യാഥാർഥ്യമായാൽ കയറ്റുമതിരംഗത്ത് ഇന്ത്യയെ കാത്തിരിക്കുന്നത് വലിയ കുതിച്ചുചാട്ടമായിരിക്കും. ഇന്ത്യ-യുകെ, ഇന്ത്യ-ഒമാൻ തുടങ്ങിയ കരാറുകൾ ഇതിനകം യാഥാർഥ്യമായി. ഇന്ത്യ-ന്യൂസിലൻഡ് ഡീൽ ഉടനുണ്ടാകും.

യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാരക്കരാറും വൈകാതെ പ്രാബല്യത്തിൽ വരും. ഫലത്തിൽ, അമേരിക്ക തീരുവ കുറയ്ക്കുകയും കൂടുതൽ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരക്കരാറിൽ എത്തുകയും ചെയ്യുമ്പോൾ എതിരാളികളെ അപേക്ഷിച്ച് കയറ്റുമതി രംഗത്ത് കൂടുതൽ ആകർഷകമാകാൻ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് കഴിയും.

റഷ്യയെ കൈവിട്ടു; ഇന്ത്യയിലേക്ക് ഒഴുകി യുഎസ് എണ്ണ
റഷ്യ-യുക്രെയ്ൻ യുദ്ധമുണ്ടായപ്പോൾ സാമ്പത്തികമായി ഏറെ നേട്ടമുണ്ടാക്കിയ രാജ്യമാണ് ഇന്ത്യ. റഷ്യയിൽ നിന്ന് ഡിസ്കൗണ്ട് വിലയ്ക്ക് വലിയതോതിൽ ഇന്ത്യ എണ്ണ വാങ്ങിക്കൂട്ടി. ഈയിനത്തിൽ ശതകോടികൾ ലാഭിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.

എന്നാൽ, ട്രംപ് 25% പിഴച്ചുങ്കം പ്രഖ്യാപിച്ചതും ഇന്ത്യ-യുഎസ് വ്യാപാരക്കരാർ വൈകുന്നതും റഷ്യയ്ക്കുമേൽ യൂറോപ്പും അമേരിക്കയും ഉപരോധം കടുപ്പിച്ചതും ഇന്ത്യയെ മാറിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

പുതിയ കണക്കുകൾ പ്രകാരം 2025 ജനുവരി-ഒക്ടോബറിൽ ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതി 17.8% ഇടിഞ്ഞു. ട്രംപ് ലൂക്കോയിൽ, റോസ്നെഫ്റ്റ് എന്നീ രണ്ട് വമ്പൻ റഷ്യൻ എണ്ണക്കമ്പനികൾക്കുമേൽ ഉപരോധം പ്രഖ്യാപിച്ചത് ഇതിനുശേഷമാണ്. ഇതിന്റെ പ്രതിഫലനം ഇനിയാണുണ്ടാവുക. ഇന്ത്യയിലേക്കുള്ള മൊത്തം റഷ്യൻ എണ്ണ ഇറക്കുമതിയിൽ 60 ശതമാനവും ഈ കമ്പനികളിൽ നിന്നായിരുന്നു.

അതേസമയം, ജനുവരി-ഒക്ടോബറിൽ‌ യുഎസിൽ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി 83.3% വർധിച്ചു. റഷ്യൻ‌ എണ്ണയ്ക്ക് ബദലെന്നോണം ഇന്ത്യൻ കമ്പനികൾ വൻതോതിൽ യുഎസ് ക്രൂഡ് ഓയിൽ വാങ്ങിയതാണ് ഇതിനുകാരണം.

ഇന്ത്യ യുഎസിന്റെ ഊർജോൽപന്നങ്ങൾ വലിയതോതിൽ ഏറ്റെടുക്കണമെന്ന ആവശ്യവും ട്രംപ് ഉയർത്തുന്നുണ്ട്. യുഎഇയിൽ നിന്നുള്ള ഇറക്കുമതി 8.7 ശതമാനവും വർധിച്ചു.

X
Top