Alt Image
ഇന്ത്യയും ഗ്രീസും പ്രതിരോധ വ്യാവസായിക സഹകരണം ശക്തിപ്പെടുത്തുന്നുഇന്ത്യൻ മത്സ്യബന്ധന മേഖലയിൽ വൻ കുതിപ്പ്ഗൾഫ്, ആഫ്രിക്കൻ എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം ഉയർത്തി ഗോൾഡ്‌മാൻ സാക്‌സ്നിര്‍ണായക ധാതുക്കളുടെ ലഭ്യത ഉറപ്പാക്കാന്‍ ഇന്ത്യ

ഗൾഫ്, ആഫ്രിക്കൻ എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യ

  • റഷ്യയുടെ രക്ഷയ്ക്കെത്തി ചൈന

ന്യൂഡൽഹി: റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെടുന്നതിനിടെ ഗൾഫ്, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിച്ച് ഇന്ത്യ. മിഡിൽ ഈസ്റ്റിനു പുറമേ പടിഞ്ഞാറൻ ആഫ്രിക്കൻ‌ രാജ്യങ്ങളിൽ നിന്നായി ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) 60 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വാങ്ങിയെന്നാണ് വിവരം.

നൈജീരിയ, അംഗോള, യുഎഇ എന്നിവിടങ്ങളിൽ നിന്നാണ് ഏപ്രിലിലേക്കായി എണ്ണ വാങ്ങിയത്.
ഇന്ത്യയുമായി വ്യാപാര ഡീൽ പ്രഖ്യാപിച്ച ട്രംപ്, റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ചുമത്തിയിരുന്ന 25% പിഴച്ചുങ്കം എടുത്തുകളഞ്ഞിരുന്നു. എന്നാൽ, ഇന്ത്യ തുടർന്നും റഷ്യൻ എണ്ണ വാങ്ങിയാൽ പിഴച്ചുങ്കം പുനഃസ്ഥാപിക്കുമെന്ന് ട്രംപ് ഭീഷണിയും മുഴക്കിയിട്ടുണ്ട്.

ഇന്ത്യൻ ഓയിലിന് പുറമേ ബിപിസിഎലും ഏപ്രിലിലേക്കുള്ള റഷ്യൻ എണ്ണയ്ക്ക് ഓർഡർ നൽകിയിട്ടില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എച്ച്പിസിഎൽ, മാംഗ്ലൂർ റിഫൈനറി, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവ നേരത്തേതന്നെ റഷ്യൻ എണ്ണയോട് മുഖംതിരിച്ചിരുന്നു. റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിന് 49% ഓഹരി പങ്കാളിത്തമുള്ള ഇന്ത്യൻ കമ്പനിയായ നയാര എനർജിയും ഏപ്രിലിലേക്കുള്ള ഓർഡൽ നൽകിയിട്ടില്ലെന്നാണ് വിവരം.

ഇന്ത്യ കൈവിട്ടതോടെ റഷ്യയ്ക്ക് ആശ്വാസവുമായി ചൈന രംഗത്തുവന്നിട്ടുണ്ട്. റഷ്യൻ എണ്ണ ഇനമായ ഇഎസ്പിഒയുടെ കയറ്റുമതി 2024 നവംബറിനുശേഷം ആദ്യമായി 100 ശതമാനവും ചൈനയിലേക്കെത്തി. സൗദിയിൽ നിന്ന് കടൽവഴി എത്തുന്നതിനേക്കാൾ 46% അധികം എണ്ണ റഷ്യയിൽ നിന്ന് കപ്പലേറി ഇപ്പോൾ ചൈനയിലെത്തുന്നുണ്ട്. ചൈനയ്ക്ക് റഷ്യ ബാരലിന് 7 ഡോളർ വീതം ഡിസ്കൗണ്ടും കൊടുത്തുതുടങ്ങി.

വെനസ്വേല, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണ ലഭ്യത കുറഞ്ഞതും ചൈന റഷ്യൻ‌ എണ്ണ വൻതോതിൽ വാങ്ങാൻ വഴിയൊരുക്കിയെന്നാണ് റിപ്പോർട്ടുകൾ. റഷ്യൻ എണ്ണയോട് അകലംപാലിക്കുകയെന്ന നിലപാടിലേക്ക് ഇന്ത്യൻ കമ്പനികൾ മാറിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ച 1.2 കോടി ബാരൽ റഷ്യൻ എണ്ണയുമായി എത്തിയ എണ്ണക്കപ്പലുകൾ ചൈനയിലേക്കാണ് വഴിതിരിഞ്ഞുപോയത്. ചൈനയിൽ നിന്ന് ഉപഭോക്താക്കളെ കിട്ടാനായാണ് ഇതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

X
Top