
ജനീവ: വാഹനങ്ങൾ,ബാറ്ററി,ഇലക്ട്രിക് വാഹനങ്ങൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യ നടപ്പാക്കുന്ന പദ്ധതികളിലെ വിവേചനം ചോദ്യം ചെയ്ത് ലോക വ്യാപാര സംഘടനയിൽ (WTO) ചൈന സമര്‍പ്പിച്ച പരാതി തടഞ്ഞ് ഇന്ത്യ. ഇരു രാജ്യങ്ങൾക്കുമിടയിൽ തർക്കപരിഹാര പാനൽ രൂപീകരിക്കണമെന്ന ആവശ്യമാണ് തടഞ്ഞത്. ചൊവ്വാഴ്ച ചേർന്ന ഡബ്ല്യുടിഒയുടെ തർക്കപരിഹാര സമിതിയുടെ (DSB)യോഗത്തിലാണ് ഇന്ത്യയുടെ നീക്കം.
ഇന്ത്യയുടെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസന്റീവ് (PLI)പദ്ധതി സംബന്ധിച്ചാണ് തര്‍ക്കം. അഡ്വാൻസ്ഡ് കെമിസ്ട്രി സെൽ ബാറ്ററികൾ,ഓട്ടോമൊബൈൽ മേഖല,ഇലക്ട്രിക് വാഹന നിർമ്മാണം എന്നീ മേഖലകൾ ഉൾക്കൊള്ളുന്ന വ്യാപാര പ്രോത്സാഹന നയം ചൈനീസ് ഉൽപ്പന്നങ്ങളെ വിവേചിക്കുന്നതാണെന്ന് ചൈന വാദിക്കുന്നു. ആഗോള വ്യാപാര ചട്ടങ്ങൾക്ക് (GATT) വിരുദ്ധമാണ് ഇന്ത്യയുടെ നയം എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒക്ടോബറിൽ ചൈന പരാതി സമര്‍പ്പിക്കയും ചെയ്തിരുന്നു.
ഇരു രാജ്യങ്ങളും തമ്മിൽ തർക്കം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 2025നവംബർ 25നും 2026ജനുവരി 6നും ചർച്ചകൾ നടന്നെങ്കിലും യാതൊരു ധാരണയിലും എത്താനായില്ല.ഇതിന് പിന്നാലയാണ് ഈ മാസം ആദ്യം ചൈന പാനൽ രൂപീകരണം ആവശ്യപ്പെട്ടത്.
ഡബ്ല്യുടിഒയുടെ നിയമങ്ങൾ പ്രകാരം ആദ്യഘട്ടത്തിൽ ഒരു രാജ്യം പാനൽ രൂപീകരണം ആവശ്യപ്പെട്ടാൽ അതിൽ തര്‍ക്കത്തിലുള്ള രാജ്യത്തിന് തടയൽ ആവശ്യപ്പെടാൻ സാധിക്കും. അതനുസരിച്ചാണ് ഇന്ത്യ യോഗത്തിൽ ചൈനയുടെ ആവശ്യം തടഞ്ഞത്.എങ്കിലും അടുത്ത ഡിഎസ്ബി യോഗത്തിൽ ചൈനക്ക് ഈ ആവശ്യം വീണ്ടും ഉന്നയിക്കാൻ കഴിയും.
ഡബ്ല്യുടിഒയുടെ തർക്കപരിഹാര സംവിധാനത്തിൽ ആദ്യം കൂടിയാലോചനയാണ് ഇപ്പോൾ നടക്കുന്നത്.അതിൽ പരിഹാരം കണ്ടെത്താനായില്ലെങ്കിൽ പാനൽ രൂപീകരണം ആവശ്യപ്പെടാൻ തുടര്‍ന്നും പരാതിക്കാരന് അവകാശം നൽകുന്നു.
ഇന്ത്യയും ചൈനയും ഡബ്ല്യുടിഒയിലെ അംഗരാജ്യങ്ങളാണ്.ഒരു അംഗരാജ്യത്തിന്റെ നയങ്ങളോ പ്രോത്സാഹന പദ്ധതികളോ സ്വന്തം കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് തോന്നിയാൽ മറ്റൊരു അംഗരാജ്യത്തിന് ഡബ്ല്യുടിഒയിൽ പരാതി നൽകാം.
ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ചൈന. 2024–25സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ചൈനയിലേക്കുള്ള കയറ്റുമതി 14.5ശതമാനം ഇടിഞ്ഞിരുന്നു.ഇത് 14.25ബില്യൺ ഡോളറിലെത്തി നിന്നു.മുൻവർഷം ഇത് 16.66ബില്യൺ ഡോളറായിരുന്നു.
അതേസമയം ചൈനയിൽ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതി 11.52ശതമാനം ഉയർന്ന് 113.45ബില്യൺ ഡോളറായതായും കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ ഇന്ത്യ–ചൈന വ്യാപാര കമ്മി 2024–25ൽ 99.2ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്. കയറ്റുമതി പ്രോത്സാഹനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുകൾ ഫലപ്രദമായില്ലെന്ന് കണക്കുകൾ പറയുന്നു.






