
ന്യൂഡല്ഹി: സമഗ്ര സാമ്പത്തിക, പങ്കാളിത്ത കരാര്‍(സെപ്പ)ചര്‍ച്ചകള്‍ ഇന്ത്യയും ബഹ്റൈനും ആരംഭിച്ചു. ഒക്ടോബര്‍ 30 ന് നടന്ന ഇന്ത്യ-ബഹ്റൈന്‍ ഹൈ ജോയിന്റ് കമ്മീഷന്‍ യോഗത്തില്‍ ഇത് സംബന്ധിച്ച് ധാരണയായിരുന്നു. ഇന്ത്യന്‍ വിദേശ കാര്യ വകുപ്പ് മന്ത്രി എസ് ജയ് ശങ്കറും ബഹ്റൈന്‍ വിദേശ കാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയുമാണ് അന്ന് യോഗത്തിന് നേതൃത്വം നല്‍കിയത്.
ഇലക്ട്രോണിക്സ്, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, സംസ്‌കരിച്ച ഭക്ഷണം, അടിസ്ഥാന ലോഹങ്ങള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ വ്യാപാരം വിപുലീകരിക്കുകയാണ് കരാറിന്റെ ലക്ഷ്യം. ശക്തമായ സാധ്യതകള്‍ കാണുന്ന മേഖലകളാണിവ. ആരോഗ്യ സംരക്ഷണം, സാമ്പത്തിക സാങ്കേതികവിദ്യ (ഫിന്‍ടെക് ),’ംസ്‌കാരം തുടങ്ങിയ മേഖലകളിലെ സഹകരണവും ചര്‍ച്ചയാകും. പ്രതിരോധത്തിലും സുരക്ഷയിലും, പ്രത്യേകിച്ച് ഭീകരതയ്‌ക്കെതിരെ പോരാടുന്നതിലും ഇന്റലിജന്‍സ് പങ്കിടലിലും കൂടുതല്‍ അടുത്ത് പ്രവര്‍ത്തിക്കാന്‍ ധാരണയായിട്ടുണ്ട്. കൂടാതെ, ഇരട്ട നികുതി ഒഴിവാക്കല്‍ കരാറിനെക്കുറിച്ചും ഇന്ത്യയും ബഹ്‌റൈനും ചര്‍ച്ച ചെയ്യുന്നു. ഇരു രാജ്യങ്ങളിലെയും കമ്പനികളും വ്യക്തികളും ഒരേ വരുമാനത്തിന് രണ്ടുതവണ നികുതി അടയ്ക്കേണ്ടതില്ലെന്ന് അധികൃതര്‍ പറഞ്ഞു.
ബഹ്‌റൈനിന്റെ മികച്ച അഞ്ച് വ്യാപാര പങ്കാളികളില്‍ ഒന്നാണ് ഇന്ത്യ. 2024-25 സാമ്പത്തിക വര്‍ഷത്തില്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള മൊത്തം വ്യാപാരം 1.64 ബില്യണ്‍ യുഎസ് ഡോളറിലെത്തി. നിര്‍ദ്ദിഷ്ട കരാറുകള്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ബിസിനസ് ചെലവ് കുറയ്ക്കുകയും തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.






