
ന്യൂഡല്‍ഹി: ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സമയപരിധി ഒരു ദിവസത്തേയ്ക്ക് നീട്ടി ഉത്തരവായി. ഇതോടെ സെപ്തംബര്‍ 16 ന് ഐടിആര്‍ ഫയലിംഗിന് സൗകര്യമുണ്ടാകും. സമയപരിധി, സെപ്തംബര്‍ 15 ന് അവസാനിക്കാനിരിക്കെയാണ് നടപടി.
അര്‍ദ്ധരാത്രിയ്ക്ക് തൊട്ടുമുന്‍പ് ഐടി വകുപ്പ് എക്‌സില്‍ പങ്കുവച്ച പോസ്റ്റ് ഇക്കാര്യം വ്യക്തമാക്കുന്നു.
“2025-26 വര്‍ഷത്തേക്കുള്ള ഐടിആര്‍ ഫയല്‍ അവസാന തീയതി 2025 സെപ്റ്റംബര്‍ 16 വരെ നീട്ടാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് തീരുമാനിച്ചു,” പോസ്റ്റ് പറഞ്ഞു.
അതേസമയം, സെപ്തംബര്‍ 16 രാവിലെ 12 മുതല്‍ ഉച്ചയ്ക്ക് 2.30 വരെ ഓണ്‍ലൈന്‍ പോര്‍ട്ടലിലേയ്ക്ക് പ്രവേശനം സാധ്യമാകില്ല. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണിത്.
കഴിഞ്ഞ മൂന്നുദിവസമായി ഔദ്യോഗിക ഇ-ഫയലിംഗ് പോര്‍ട്ടലിനെക്കുറിച്ച് (incomeax.gov.in) പരാതി ഉയരുന്നുണ്ട്. പ്രവേശനം സാധ്യമല്ലാത്തത്, വേഗതക്കുറവ്, വാര്‍ഷിക വിവര സ്റ്റേറ്റ്‌മെന്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയാത്തത് എന്നിവ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യപ്പെട്ടു.
അതുകൊണ്ടുതന്നെ നികുതിദായകരും പ്രൊഫഷണലുകളും പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി.
വൈകിയ റിട്ടേണ്‍ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം
നിശ്ചിത തീയതിയ്ക്കുള്ളില്‍ റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്ക് ഡിസംബര്‍ 31 നകം വൈകിയ റിട്ടേണ്‍ സമര്‍പ്പിക്കാം.
എന്നാല്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നതിന് പുറമെ 1,000 മുതല്‍ 5,000 രൂപവരെ പിഴ അടയ്‌ക്കേണ്ടി വരും.