പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധനഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കുംപശ്ചിമേഷ്യന്‍ സംഘര്‍ഷം: കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ചരക്ക്പാചകവാതക പൂഴ്ത്തിവെപ്പ് തടയാന്‍ റെയ്ഡ് ശക്തമാക്കി കേന്ദ്രം

ഐഡിബിഐ ബാങ്ക് ഓഹരി വിൽപന പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഐഡിബിഐ ബാങ്കിന്റെ ഭൂരിപക്ഷ ഓഹരികൾ വിറ്റഴിക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിച്ചേക്കുമെന്ന റിപ്പോർട്ടുകളെത്തുടർന്ന് ബാങ്കിന്റെ ഓഹരി വിലയിൽ വൻ ഇടിവ്.

തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചയുടനെ ഓഹരി വില 13.55 ശതമാനം വരെ ഇടിഞ്ഞ് 79.69 രൂപയിലെത്തി. ഓഹരികൾ വാങ്ങാനായി എത്തിയ ബിഡുകൾ സർക്കാർ നിശ്ചയിച്ച അടിസ്ഥാന വിലയേക്കാൾ കുറവായതിനാലാണ് സ്വകാര്യവൽക്കരണ പ്രക്രിയ നിർത്തലാക്കാൻ ആലോചിക്കുന്നതെന്നാണ് വിവരം.

സർക്കാരും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എൽ.ഐ.സി) ചേർന്ന് 2022-ലാണ് ബാങ്കിന്റെ 60.7 ശതമാനം ഓഹരികൾ വിൽക്കാൻ തീരുമാനിച്ചത്. ഇതിലൂടെ ഏകദേശം 66,000 കോടി രൂപ സമാഹരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

നിലവിൽ ബാങ്കിൽ സർക്കാരിന് 45.5 ശതമാനവും എൽ.ഐ.സിക്ക് 49.2 ശതമാനവും ഓഹരികളാണുള്ളത്. ഇതിൽ യഥാക്രമം 30.5, 30.2 ശതമാനം വീതം വിൽക്കാനായിരുന്നു നേരത്തെയുള്ള ധാരണ.

കാനഡ ആസ്ഥാനമായുള്ള ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിംഗ്സ്, ദുബായിലെ എമിറേറ്റ്സ് എൻ.ബി.ഡി എന്നിവർ ഓഹരികൾക്കായി ലേലം വിളിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നതായി മുൻ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ വിപണിയിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ ബിഡുകൾ തൃപ്തികരമല്ലെന്നാണ് സൂചന.

വിപണി സാഹചര്യം മെച്ചപ്പെടുകയും നിക്ഷേപകരുടെ ഭാഗത്തുനിന്ന് കൂടുതൽ അനുകൂലമായ നിലപാടുകൾ ഉണ്ടാവുകയും ചെയ്താൽ മാത്രമേ ഇനി വിൽപ്പന നടപടികളുമായി മുന്നോട്ട് പോകാൻ സാധ്യതയുള്ളൂ.

ബാങ്കിംഗ് മേഖലയിലെ സർക്കാർ ഉടമസ്ഥാവകാശം കുറയ്ക്കുന്നതിനുള്ള പ്രധാന നടപടിയായിട്ടാണ് ഐഡിബിഐ സ്വകാര്യവൽക്കരണത്തെ കേന്ദ്രം കണ്ടിരുന്നത്. ഓഹരി വിൽപനയിലെ അനിശ്ചിതത്വം നിലനിൽക്കുമ്പോഴും, കഴിഞ്ഞ വർഷങ്ങളിൽ നിഷ്ക്രിയ ആസ്തികൾ കുറയ്ക്കുന്നതിലും മൂലധന സമാഹരണത്തിലും ബാങ്ക് മികച്ച മുന്നേറ്റം നടത്തിയിരുന്നു.

കഴിഞ്ഞ വർഷം നിഫ്റ്റി 50 സൂചികയേക്കാൾ മികച്ച പ്രകടനമാണ് ഐഡിബിഐ ഓഹരികൾ വിപണിയിൽ കാഴ്ചവെച്ചിരുന്നത്.

X
Top