
കൊച്ചി: ഫ്യൂചർ കേരള മിഷൻ, കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി, എംപെഡ, ട്രാൻസ് വേൾഡ് എന്നിവരുടെ സഹകരണത്തോടെ കൊച്ചി ജെയിൻ സർവകലാശാല ‘ഹയാക്കോൺ 1.0’ എന്ന പേരിൽ കൊച്ചിയിൽ മൂന്ന് ദിവസത്തെ രാജ്യാന്തര സമ്മേളനം നടത്തുന്നു. ജലാശയങ്ങളിൽ കുളവാഴ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുന്നതും അവയുടെ ഫലപ്രദമായ മൂല്യവർധനയും വിനിയോഗവും ലക്ഷ്യമിടുന്നതുമാണ് സമ്മേളനത്തിന്റെ പ്രമേയം.
സർവകലാശാലയുടെ കൊച്ചി കാംപസിൽ നടക്കുന്ന സമ്മേളനം ജനുവരി 8-ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല എംഎൽഎയും ഹൈബി ഈഡൻ എംപിയും വിശിഷ്ടാതിഥികളായിരിക്കും. കുളവാഴയിൽ നിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങളുടെയും ബന്ധപ്പെട്ട മെഷിനറികളുടെയും പ്രദർശനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ജെയിൻ സർവകലാശാല ചാൻസലർ ഡോ. ചെൻരാജ് റോയ്ചന്ദ്, ഫ്യൂചർ കേരള മിഷൻ ചെയർമാൻ പ്രൊഫ. വേണു രാജാമണി, ജെയിൻ യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ പ്രൊഫ. ഡോ. ജെ. ലത, ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ജനുവരി 9, 10 തീയതികളിൽ കുളവാഴ നിയന്ത്രണത്തിനായുള്ള രാജ്യാന്തര രീതികളെയും മൂല്യവർധിത ഉത്പന്നങ്ങളെയും സംബന്ധിച്ച ചർച്ചകൾ നടക്കും. മന്ത്രി പി പ്രസാദ്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്കൻ ഹൈ കമ്മീഷൻ പ്രതിനിധികൾ, നൈജീരിയ, കെനിയ, യുകെയിലെ ന്യൂകാസിൽ സർവകലാശാല, ഇന്തോ–ജർമൻ ബയോഡൈവേഴ്സിറ്റി പ്രോഗ്രാം എന്നിവിടങ്ങളിലെ വിദഗ്ധർ സമ്മേളനത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
കേരള സ്റ്റാർട്ടപ്പ് മിഷൻ, കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, സൗത്ത് ഏഷ്യൻ തണ്ണീർത്തട ഏജൻസി, ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്, എം എസ് സ്വാമിനാഥൻ ഫൗണ്ടേഷൻ എന്നിവരാണ് സമ്മേളനത്തിലെ പ്രധാന പങ്കാളികൾ. അസം, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ, പുതുച്ചേരി, ചണ്ഡീഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ളവരും കുളവാഴ നിർമാർജനവും മൂല്യവർധനയും സംബന്ധിച്ച മാതൃകകൾ പങ്കുവെക്കും. ജനുവരി 10-ന് കുളവാഴ നിയന്ത്രണത്തിനായി ദേശീയ-സംസ്ഥാന തലങ്ങളിൽ സ്വീകരിക്കേണ്ട നയ രൂപീകരണ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. ഫിഷറീസ് മന്ത്രി സജി ചെറിയാനും പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎയും പങ്കെടുക്കും. സമാപന സമ്മേളനം വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.






