
കൊച്ചി: പുതുവർഷത്തില്‍ വൈദ്യുത വാഹന വില്പനയില്‍ വൻകുതിപ്പ്. ഇരുചക്രം മുതല്‍ ട്രക്കുകള്‍ വരെയുള്ള വാഹന വിഭാഗങ്ങളില്‍ ശ്രദ്ധേയമായ വളർച്ചയാണ് ജനുവരിയില്‍ വിപണി കൈവരിച്ചത്. ദേശീയപാതകളിലുള്‍പ്പെടെ അതിവേഗ ചാർജിംഗ് സ്‌റ്റേഷനുകള്‍ വ്യാപകമാകുന്നത് വിപണിക്ക് തുണയായിട്ടുണ്ട്.
വൈദ്യുത വാഹനങ്ങളോട് ഉപഭോക്താക്കളുടെ വർദ്ധിച്ചുവരുന്ന താത്പര്യമാണ് വിപണിയില്‍ പ്രകടമാകുന്നതെന്ന് ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷൻ (എഫ്.എ.ഡി.എ) വിലയിരുത്തുന്നു. മുഴുവൻ വിഭാഗങ്ങളിലും മികച്ച വാർഷികവളർച്ചയാണ് കൈവരിച്ചത്.
വൈദ്യുതി ഇരുചക്രവാഹന വിപണി 24.77 ശതമാനം വളർച്ചയാണ് 2025ല്‍ നേടിയത്.
നഗരയാത്രികർ വൈദ്യുതവാഹനങ്ങളിലേയ്‌ക്ക് തിരിയുന്നതിന്റെ സൂചന ഇത് നല്‍കുന്നു. ത്രിചക്ര വാഹനവിപണി 26.43 ശതമാനമാണ് വർദ്ധിച്ചത്.
ചെലവ് കുറയ്‌ക്കാനും കൂടുതല്‍ വരുമാനം നേടാനുമുള്ള താത്പര്യമാണ് പ്രതിഫലിച്ചത്. കാറുകള്‍ ഉള്‍പ്പെടെ യാത്രാവാഹന വിപണി 54.75 ശതമാനമെന്ന ശ്രദ്ധേയമായ വളർച്ച നേടി.
ദീർഘകാലനേട്ടങ്ങളും വിപുലമായ വൈദ്യുത കാറുകളുടെ ശ്രേണിയും ഉപഭോക്താക്കളെ ആകർഷിച്ചു. ബസുകള്‍, കാറുകള്‍ എന്നിവയുള്‍പ്പെട്ട വാണിജ്യ വാഹനവിപണിയാണ് ഏറ്റവുമധികം വളർച്ച കൈവരിച്ചത്. 115.5 ശതമാനം വാർഷികവളർച്ച.
ഏതാനും വർഷങ്ങളായി തുടർച്ചയായ വളർച്ച നേടുന്ന മേഖലയാണിത്. പൊതുയാത്ര, ചരക്കുനീക്കം എന്നിവയ്‌ക്ക് ദീർഘദൂര നഗരങ്ങളെ ബന്ധിപ്പിക്കാൻ വൈദ്യുത വാഹനങ്ങള്‍ വ്യാപകമാകുന്നതിന്റെ വ്യക്തമായ സൂചനയാണിത് നല്‍കുന്നത്.
മൊത്തം വാഹനവിപണിയിലും കുതിപ്പ്
രാജ്യത്തെ മൊത്തം വാഹന വിപണിയും കഴിഞ്ഞ ജനുവരിയില്‍ മികച്ച വളർച്ച കൈവരിച്ചു. 27,22,558 വാഹനങ്ങളാണ് ജനുവരില്‍ വിറ്റഴിച്ചത്. 2025 ജനുവരിയെ അപേക്ഷിച്ച് 17.61 ശതമാനം വളർച്ചയാണിത്.
ജി.എസ്.ടിയിലെ ഇളവുള്‍പ്പെടെ സർക്കാർ നയപിന്തുണയും പ്രോത്സാഹനവും ഗ്രാമീണ മേഖലയില്‍ നിന്ന് ആവശ്യകത വർദ്ധിച്ചതുമാണ് വളർച്ചയ്‌ക്ക് കരുത്തുപകർന്നത്. യാത്ര, ചരക്കുനീക്കം, ഉത്സവ വിവാഹ സീസണുകള്‍ എന്നിവയിലുണ്ടായ ഉണർവും വിപണിയെ സഹായിച്ചു.






