ആഭ്യന്തര വിമാന യാത്ര നിരക്ക് നാലു വർഷത്തെ താഴ്ന്ന നിലയിൽവിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്എഫ്എംസിജി മേഖല തിരിച്ചുവരുന്നുകയറ്റമതിക്ക് ഇന്ത്യ പുതിയ വിപണി കണ്ടെത്തുന്നുഇനി രാജ്യമൊട്ടാകെ റോഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് പണരഹിത ചികിത്സാ പദ്ധതി

കേന്ദ്ര ബജറ്റിൽ ഭവന വായ്പ എടുത്തവർക്ക് വൻ ആശ്വാസം പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: സാധാരണക്കാർക്ക് വൻ ആശ്വാസം സമ്മാനിച്ചാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞവർഷം ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിച്ചത്. 12.75 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവരെ ആദായ നികുതി അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയതിലൂടെ രാജ്യത്തെ ഇടത്തരം വരുമാനക്കാർക്ക് വലിയ സാമ്പത്തിക നേട്ടം തന്നെ ഉറപ്പാക്കാൻ നിർമലയ്ക്ക് കഴിഞ്ഞു.

കഴിഞ്ഞ ബജറ്റിൽ വമ്പൻ നേട്ടം നൽകിയതുകൊണ്ട്, ഇക്കുറിയും സമാനമായ ആശ്വാസം പ്രതീക്ഷിക്കാമോ? ഇല്ലെന്ന് പറയുന്ന സാമ്പത്തിക നിരീക്ഷകരുമുണ്ട്. അതേസമയം, ആദായനികുതിയിൽ കാര്യമായ മാറ്റം വരുത്തിയില്ലെങ്കിലും ഇത്തവണയും ആശ്വാസമേകാനുള്ള വഴികൾ നിർമല കണ്ടെത്തുമെന്ന് വാദിക്കുന്നവരുമേറെ. അതിലൊന്നാണ്, കഴിഞ്ഞ 10 വർഷമായി തൊട്ടിട്ടില്ലാത്ത ഭവന വായ്പാ പലിശ അടിസ്ഥാനമായുള്ള ആദായ നികുതിയിളവിന്റെ പരിധി.

ഭവന വായ്പയുള്ളവർക്ക് 2 ലക്ഷം രൂപവരെയാണ് നിലവില്‍ ആദായനികുതി ബാധകമായ വരുമാനത്തിൽ നിന്ന് കുറയ്ക്കാനാവുക. 2015 മുതൽ ഇതു 2 ലക്ഷം രൂപയായി തുടരുകയാണ്. ഇളവിന്റെ പരിധി 3 ലക്ഷമോ അതിലേറെയോ ആയി കൂട്ടണമെന്ന ആവശ്യം ശക്തം.

കഴിഞ്ഞവർഷം ആദായനികുതിയിൽ വലിയ ആശ്വാസം സമ്മാനിച്ചതിനാൽ‌ ഇക്കുറി നിർമല സീതാരാമൻ ഈ ആവശ്യം പരിഗണിച്ചേക്കുമെന്നാണ് പ്രതീക്ഷകൾ.

നിലവിൽ ഭവനപദ്ധതികളുടെ വിലയും വായ്പാത്തുകയും 10 വർഷം മുൻപത്തേതിനെ അപേക്ഷിച്ച് കുത്തനെ കൂടിയതിനാൽ 2 ലക്ഷം രൂപയെന്ന പരിധി ഏറക്കുറെ അപ്രസക്തമായെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. പരിധി 5 ലക്ഷം രൂപയെങ്കിലുമാക്കണമെന്നാണ് ആവശ്യം.

നേരത്തേ ആദ്യമായി വീടുവാങ്ങുന്നവർക്ക് വാങ്ങൽത്തുക ആകെ 45 ലക്ഷം രൂപയ്ക്കുതാഴെയാണെങ്കിൽ ആദായനികുതി ബാധകമായ വരുമാനത്തിൽ നിന്ന് അധികമായി 1.5 ലക്ഷം രൂപ കൂടി കിഴിക്കാനുള്ള ആനുകൂല്യം അനുവദിച്ചിരുന്നു. ഈ ഇളവ് 2022ൽ അവസാനിച്ചു. ഇതു പുനരാരംഭിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

സ്ലാബിൽ പ്രതീക്ഷിക്കുന്ന മാറ്റം
ആദായ നികുതിയിൽ പുതിയ സ്കീമിലെ സ്ലാബ് കഴിഞ്ഞതവണ നിർമല പുനഃക്രമീകരിച്ചിരുന്നു. അതിങ്ങനെ:
∙ 0-4 ലക്ഷം വരെ – 0%
∙ 4-8 ലക്ഷം – 5%
∙ 8-12 ലക്ഷം – 10%
∙ 12-16 ലക്ഷം – 15%
∙ 16-20 ലക്ഷം – 20%
∙ 20-24 ലക്ഷം – 25%
∙ 24 ലക്ഷത്തിന് മുകളിൽ – 30%

അതായത്, വാർഷിക വരുമാനം 24 ലക്ഷം രൂപ കടന്നാൽ 30 ശതമാനമാണ് നികുതി. ഇവിടെ പുതിയൊരു സ്ലാബ് കൂടിയെങ്കിലും കൊണ്ടുവരണമെന്ന ആവശ്യവും ചിലർ ഉന്നയിക്കുന്നു. 30-35 ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് 30 ശതമാനത്തിന് താഴെ ഒരു സ്ലാബ് വേണമെന്നും 35-50 ലക്ഷം രൂപ വരുമാനമുള്ളവർക്കായി മറ്റൊരു സ്ലാബും വേണമെന്നാണ് ആവശ്യം. 50 ലക്ഷത്തിന് മുകളിൽ വരുമാനക്കാർക്ക് മറ്റൊരു നികുതിയും.

സ്ലാബ് മാറി, നേട്ടം ഇങ്ങനെ
പുതിയ ആദായനികുതി സ്കീമിലെ സ്ലാബ് കഴിഞ്ഞബജറ്റിൽ പരിഷ്കരിച്ചുവഴി, ഓരോ വിഭാഗം വാർഷിക വരുമാനക്കാർക്കും ലഭിക്കുന്ന നേട്ടവും ധനമന്ത്രി എടുത്തുപറഞ്ഞിരുന്നു. വാർഷിക വരുമാനം 8 ലക്ഷം രൂപവരെയാണെങ്കിൽ നികുതിബാധ്യത 30,000ൽ നിന്ന് 20,000 രൂപയായി കുറഞ്ഞിരുന്നു.

റിബേറ്റ് ലഭിക്കുമെന്നതിനാൽ നികുതി പൂജ്യം. ഇങ്ങനെ 12 ലക്ഷം രൂപവരെ വരുമാനക്കാർക്ക് റിബേറ്റ് ലഭിക്കും. ഫലത്തിൽ പൂജ്യം നികുതിഭാരം. വരുമാനം 12 ലക്ഷം രൂപവരെയാണെങ്കിൽ 80,000 രൂപവരെയാണ് നേട്ടം. സ്ലാബും റിബേറ്റും പരിഷ്കരിക്കുന്നതിന് മുൻപായിരുന്നെങ്കിൽ 80,000 രൂപ നികുതി അടയ്ക്കേണ്ടിവരുമായിരുന്നു.

പഴയ സ്കീമുകാർ പേടിക്കണോ?
പഴയ സ്കീമുകാർക്ക് പ്രത്യേകിച്ച് ആനുകൂല്യങ്ങളൊന്നും കഴിഞ്ഞ ബജറ്റിലില്ലായിരുന്നു. പഴയ ആദായനികുതി വ്യവസ്ഥ പിന്തുടരുന്നവരുടെ എണ്ണം ഇപ്പോൾ നാമമാത്രം.
85-90 ശതമാനം നികുതിദായകരും പുതിയ വ്യവസ്ഥയിലേക്ക് മാറിക്കഴിഞ്ഞു.

ഈ പശ്ചാത്തലത്തിൽ നിർമല പഴയ വ്യവസ്ഥ റദ്ദാക്കുന്നതായി പ്രഖ്യാപിച്ചാലും അതിശയിക്കേണ്ട. 2013-14ൽ 3.35 കോടി പേർ മാത്രമായിരുന്നു രാജ്യത്ത് ആദായനികുതി റിട്ടേൺ സമർപ്പിച്ചിരുന്നത്. 2023-24ൽ എണ്ണം 7.54 കോടിയായി. ഇതിൽ നികുതിബാധ്യതയില്ലാത്തവരുടെ എണ്ണം 1.69 കോടിയിൽ നിന്ന് 4.73 കോടിയുമായി.

നികുതി അടയ്ക്കുന്നവരുടെ എണ്ണം 1.66 കോടിയിൽ നിന്ന് 2.8 കോടിയിലുമെത്തി.

X
Top