Alt Image
ഇന്ത്യയും ഗ്രീസും പ്രതിരോധ വ്യാവസായിക സഹകരണം ശക്തിപ്പെടുത്തുന്നുഇന്ത്യൻ മത്സ്യബന്ധന മേഖലയിൽ വൻ കുതിപ്പ്ഗൾഫ്, ആഫ്രിക്കൻ എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം ഉയർത്തി ഗോൾഡ്‌മാൻ സാക്‌സ്നിര്‍ണായക ധാതുക്കളുടെ ലഭ്യത ഉറപ്പാക്കാന്‍ ഇന്ത്യ

ഇന്ത്യൻ മത്സ്യബന്ധന മേഖലയിൽ വൻ കുതിപ്പ്

ന്യൂഡൽഹി: ഇന്ത്യൻ സാമ്പത്തിക വളർച്ചയുടെ പുതിയ ചാലകശക്തിയായി മത്സ്യബന്ധന മേഖല മാറുന്നു. രാജ്യത്തിന്‍റെ മൊത്തം മൂല്യവർധിത വരുമാനത്തിന്‍റെ (ജിവിഎ) 1.12 ശതമാനം സംഭാവന ചെയ്യുന്ന ഈ മേഖല, ‘സൺറൈസ് സെക്ടർ’ (Sunrise Sector) എന്ന നിലയിൽ വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഏകദേശം മൂന്നുകോടിയോളം ആളുകളുടെ ഉപജീവനമാർഗമായ ഈ രംഗം, നിലവിൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മത്സ്യ ഉത്പാദകരും ഏറ്റവും വലിയ അക്വാകൾച്ചർ ഉത്പാദകരുമായി ഇന്ത്യയെ മാറ്റിയിരിക്കുകയാണ്.

ആഗോള മത്സ്യ ഉത്പാദനത്തിന്‍റെ എട്ട് ശതമാനവും ഇന്ത്യയിൽ നിന്നാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ അസാമാന്യമായ വളർച്ചയാണ് ഈ മേഖല കൈവരിച്ചത്. 2013-14 കാലയളവിൽ 95.79 ലക്ഷം ടണ്ണായിരുന്ന മത്സ്യ ഉത്പാദനം 2024-25 സാമ്പത്തിക വർഷത്തിൽ റിക്കാർഡ് നേട്ടമായ 197 ലക്ഷം ടണ്ണിലെത്തി.

ഉൾനാടൻ മത്സ്യബന്ധന മേഖലയിൽനിന്നുള്ള 75 ശതമാനത്തിലധികം പങ്കാളിത്തമാണ് ഈ വളർച്ചയ്ക്കു കരുത്തേകിയത്. കടലിൽനിന്നുള്ള പിടുത്തത്തേക്കാൾ ഉപരിയായി കൃഷി അധിഷ്ഠിത മത്സ്യവളർത്തലിലേക്ക് (Aquaculture) മേഖല മാറിയത് ഉത്പാദനത്തിൽ സ്ഥിരത ഉറപ്പാക്കാൻ സഹായിച്ചു.

അടുത്ത സാമ്പത്തിക വർഷത്തോടെ ഉത്പാദനം 220 ലക്ഷം ടണ്ണായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കയറ്റുമതി രംഗത്തും ഇന്ത്യ വൻ നേട്ടമാണ് കൊയ്യുന്നത്.

2024-25 വർഷത്തിൽ 64,408 കോടി രൂപയുടെ (7.45 ബില്യൺ ഡോളർ) കയറ്റുമതിയാണ് നടന്നത്. യുഎസ്എ, ചൈന എന്നീ രാജ്യങ്ങളിലേക്കു കയറ്റിയയ്ക്കുന്ന ശീതീകരിച്ച ചെമ്മീനാണ് (Frozen Shrimp) ഇതിൽ പ്രധാന ഇനം. കാർഷിക ജിവിഎയുടെ 7.26 ശതമാനം ഈ മേഖലയിൽ നിന്നാണ്.

സാങ്കേതികവിദ്യയുടെ സഹായത്തോടെ വായ്പാ നടപടികൾ ലഘൂകരിച്ചതും ഡിജിറ്റൽ സംവിധാനങ്ങൾ നടപ്പാക്കിയതും മത്സ്യത്തൊഴിലാളികൾക്കും സംരംഭകർക്കും വലിയ സഹായമായിട്ടുണ്ട്.

രാജ്യത്തെ 12 പൊതുമേഖലാ ബാങ്കുകളെയും ഈ പദ്ധതിയുമായി ബന്ധിപ്പിച്ചതോടെ മത്സ്യബന്ധന മേഖല കൂടുതൽ സാമ്പത്തിക സുരക്ഷിതത്വത്തിലേക്കും സുസ്ഥിരമായ വികാസത്തിലേക്കും നീങ്ങുകയാണ്.

X
Top