
ന്യൂഡല്‍ഹി: 2023 സാമ്പത്തികവര്‍ഷത്തില്‍ ഭവനവില രാജ്യത്തുടനീളം 4.57 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അഖിലേന്ത്യാ ഭവന വില സൂചിക (എച്ച്പിഐ) 2023 മാര്‍ച്ചില്‍ 303.9 രേഖപ്പെടുത്തുകയായിരുന്നു.
2022 മാര്‍ച്ചിലെ 290.6 ല്‍ നിന്ന് 4.57 ശതമാനം ഉയര്‍ച്ചയാണിത്. എച്ച്പിഐ നഗരങ്ങളിലുടനീളം വ്യത്യസ്തമാണ്. ബെംഗളൂരുവില്‍ 16.3 ശതമാനം മുതല്‍ 326.8 (കഴിഞ്ഞ വര്‍ഷം 281) വരെ വളര്‍ച്ച കുറിച്ചപ്പോള്‍ ജയ്പൂരിലേത് 8.5 ശതമാനം സങ്കോചിച്ചു. മുംബൈയിലും ഡല്‍ഹിയിലും കൊച്ചിയിലും യഥാക്രമം 4.26 ശതമാനവും 6.65 ശതമാനവും 8.45 ശതമാനവുമാണ് വര്‍ദ്ധനവ്.
2022-23 നാലാം പാദത്തില്‍ എച്ച്പിഐ 0.6 ശതമാനം ഉയര്‍ന്നു. രജിസ്‌ട്രേഷന്‍ അധികാരികളില്‍ നിന്ന് ലഭിച്ച ഇടപാട് ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ആര്‍ബിഐ ഭവന വില സൂചിക തയ്യാറാക്കുന്നത്.പകര്‍ച്ചവ്യാധിക്കും ഉയര്‍ന്ന പണപ്പെരുപ്പത്തിനും പലിശനിരക്കിനും ഇടയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ എച്ച്പിഐ ഏകദേശം 10 ശതമാനം ഉയര്‍ന്നു.
പലിശ നിരക്ക് വര്‍ദ്ധിച്ചിട്ടും ഉപഭോക്താക്കള്‍ വാങ്ങല്‍ തുടര്‍ന്നതായി അനലിസ്റ്റുകള്‍ നിരീക്ഷിക്കുന്നു. ഡിമാന്റ് വരും വര്‍ഷങ്ങളിലും തുടരുമെന്നാണ് നിഗമനം.
2022 ഫെബ്രുവരി തൊട്ട് ആര്‍ബിഐ റിപ്പോ നിരക്ക് 250 ബേസിസ് പോയിന്റ് വര്‍ദ്ധിപ്പിച്ചിരുന്നു. എന്നിട്ടും ഔട്ട്സ്റ്റാന്റിംഗ് ഭവന വായ്പ 19.49 ലക്ഷം കോടി രൂപയുടേതായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14.3 ശതമാനം വര്‍ദ്ധന.






