
ന്യൂഡല്‍ഹി: ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) നിരക്ക് വര്‍ദ്ധന കാരണം രാജ്യത്ത് പലിശനിരക്ക് കുതിച്ചുയരുകയാണ്. കഴിഞ്ഞ ആറ് തവണയായി 250 ബേസിസ് പോയിന്റ് റിപ്പോ നിരക്ക് വര്‍ദ്ധനവിനാണ് കേന്ദ്രബാങ്ക് തയ്യാറായത്. കൂനിന്മേല്‍ കുരുപോലെ, വീണ്ടും വായ്പകള്‍ ചെലവേറിയതാകുന്നു.
പാന്‍ഡമിക് ഇളവുകള്‍ അവസാനിക്കുന്നതോടെയാണ് ഇത്. 75 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകളുടെ ലോണ്‍ ടു വാല്യ (എല്‍ടിവി) പൂജ്യമാക്കി കുറയ്ക്കാന്‍ 2020 ഒക്ടോബറില്‍ ആര്‍ബിഐ തയ്യാറായിരുന്നു. 80 ശതമാനത്തില്‍ താഴെയുള്ളത് 35 ശതമാനമാക്കി.
2022 മാര്‍ച്ചവരെയ്ക്കാണ് ഇളവ് പ്രഖ്യാപിക്കപ്പെട്ടതെങ്കിലും പിന്നീടത് മാര്‍ച്ച് 20 വരെ നീട്ടി. അതായത്, ഇതിനകം തന്നെ ആനുകൂല്യ കാലാവധി അവസാനിച്ചുവെന്നര്‍ത്ഥം. 75 ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ക്ക് എല്‍ടിവി പരിധി 75 ശതമാനമായി.
ഇതോടെ 75 ലക്ഷം രൂപയക്ക് മുകളിളുള്ള ഭവന വായ്പ ലഭ്യമാകാന്‍ 25 ശതമാനം മാര്‍ജിന്‍ മുന്‍കൂറായി നല്‍കേണ്ടി വരും. നാഷണല്‍ ഹൗസിംഗ് ബാങ്ക് (NHB) ഡാറ്റ അനുസരിച്ച്, 2021-22 കാലയളവിലെ വ്യക്തിഗത ഭവന വായ്പകളില്‍ മൂന്നിലൊന്ന് അല്ലെങ്കില്‍50 ലക്ഷം രൂപയ്ക്ക് മുകളിലാണ്.
മൊത്തം, 2.45 ലക്ഷം കോടി രൂപയാണ് ഇത്തരത്തിലുള്ളത്. ബാങ്കുകള്‍ ഇതുവരെ നിരക്ക് വര്‍ധിപ്പിച്ചിട്ടില്ലെങ്കിലും സ്ഥിതിഗതികള്‍ അവലോകനം ചെയ്ത് ഉടന്‍ നടപടിയെടുക്കാനാണ് സാധ്യത. അതേസമയം, അടുത്തിടെ എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങി നിരവധി ബാങ്കുകളും വായ്പാ നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു.
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി 2022 മെയ് മുതല്‍ തുടര്‍ച്ചയായി ആറ് നിരക്ക് വര്‍ദ്ധനകളില്‍ ആര്‍ബിഐ റിപ്പോ നിരക്ക് 250 ബേസിസ് പോയിന്റ് ഉയര്‍ത്തിയതിന് ശേഷമാണ് ഈ നീക്കം.