
ന്യൂഡല്‍ഹി: ട്രെക്ക്, ബസ് മുന്‍നിര നിര്‍മ്മാതാക്കളും ഹിന്ദുജ ഗ്രൂപ്പിന്റെ ഫ്‌ലാഗ്ഷിപ്പ് കമ്പനിയുമായ അശോക് ലെയ്‌ലാന്‍ഡ് ചൈനീസ് ബാറ്ററി നിര്‍മ്മാതാക്കള്‍, സിഎഎല്‍ബി ഗ്രൂപ്പുമായി പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചു. ലിഥിയം-അയണ്‍ ബാറ്ററികള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ സാങ്കേതിക പരിജ്ഞാനവും വൈദഗ്ധ്യവും ആര്‍ജ്ജിക്കുക, ഇന്ത്യയില്‍ നിര്‍മ്മാണം തുടങ്ങുക എന്നിവയാണ് ലക്ഷ്യങ്ങള്‍.
സിഎഎല്‍ബിയുടെ ലിഥിയം-അയണ്‍ സെല്ലുകള്‍ വാങ്ങിയ ശേഷം അശോക് ലെയ്‌ലാന്ഡ് അവ ബാറ്ററി പായ്ക്കുകളുമായി കൂട്ടിച്ചേര്‍ക്കും. ലിഥിയം-അയേണ്‍ സെല്ലുകള്‍ ആഭ്യന്തരമായി രൂപകല്‍പ്പന ചെയ്യാനും നിര്‍മ്മിക്കാനുമുള്ള പദ്ധതി ക്രമേണ പ്രവര്‍ത്തികമാക്കും. ഇതിനായി 5000 കോടി രൂപയിലധികം നിക്ഷേപമാണ് നടത്തുക.
ഏഴ് മുതല്‍ പത്ത് വര്‍ഷം വരെയുള്ള കാലയളവിലായിരിക്കും നിക്ഷേപം. കമ്പനിയുടെ പ്രാരംഭ ശ്രദ്ധ ബാറ്ററി പായ്ക്ക് അസംബ്ലിങ്ങില്‍ പ്രാവീണ്യം നേടുന്നതിലായിരിക്കും.
സ്വന്തം വാണിജ്യവാഹനങ്ങളില്‍ ബാറ്ററി പാക്കുകള്‍ ഉപയോഗിക്കാനാണ് പദ്ധതി. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റ് വാഹന നിര്‍മ്മാതാക്കള്‍ക്ക് മറിച്ച് വില്‍ക്കും. ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹന ഘടകങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ശുദ്ധമായ ഊര്‍ജ്ജ സാങ്കേതികവിദ്യകളില്‍ സ്വയംപര്യാപ്തത വളര്‍ത്തുന്നതിനുമുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പങ്കാളിത്തം പിന്തുണയ്ക്കും.