
തിരുവനന്തപുരം: പ്രമുഖ ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയായ ഹിന്ദുജ ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപം നടത്തും. യുകെയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഹിന്ദുജ ഗ്രൂപ്പ് കോ-ചെയർമാൻ ഗോപിചന്ദ് ഹിന്ദുജ ഇലക്ട്രിക് ബസ് നിർമ്മാണം, സൈബർ സുരക്ഷ, സാമ്പത്തികം എന്നി മേഖലകളിൽ നിക്ഷേപം നടത്തുമെന്ന് ഉറപ്പ് നൽകിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഡിസംബറിൽ വിശദമായ ചർച്ചയ്ക്കായി ഗോപിചന്ദ് എത്തുന്നതിന് മുമ്പ് സംസ്ഥാന സർക്കാരുമായി ബന്ധപ്പെടാനുള്ള ചുമതല മൂന്നംഗ സംഘത്തെ ഏൽപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അശോക് ലെയ്‌ലാൻഡ് ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിനുള്ള ഫാക്ടറി സ്ഥാപിക്കണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി ഹിന്ദുജ ഗ്രൂപ്പിനോട് അഭ്യർത്ഥിച്ചു.
അശോക് ലെയ്‌ലാൻഡ് നിലവിൽ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നുണ്ട്. അപേക്ഷയുടെ അടിസ്ഥാനത്തിലാണ് മൂന്നംഗ സംഘത്തെ നിയമിക്കാൻ കമ്പനി തീരുമാനിച്ചത്. ഇവർ ഫാക്ടറി സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം സംഘം കണ്ടെത്തി സംസ്ഥാന സർക്കാരിനെ അറിയിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സൈബർ സുരക്ഷയാണ് ഹിന്ദുജ ഗ്രൂപ്പിന് നിക്ഷേപം നടത്താൻ താൽപ്പര്യമുള്ള മറ്റൊരു മേഖല. സംസ്ഥാനത്തിന്റെ ഐടി വിഭവങ്ങൾ കണക്കിലെടുത്ത്, സംസ്ഥാനത്ത് ഒരു ക്യാമ്പസ് തുറക്കുന്നതിനുള്ള സാധ്യത ഗ്രൂപ്പ് പരിഗണിക്കും. വിദ്യാഭ്യാസം, ആരോഗ്യം, ധനകാര്യം എന്നീ മേഖലകളിലാണ് ഗ്രൂപ്പ് പ്രധാനമായും നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്നത്.
യോഗത്തിൽ വ്യവസായ മന്ത്രി പി രാജീവ്, നോർക്ക റൂട്ട്‌സ് വൈസ് ചെയർമാൻ എം എ യൂസഫ് അലി, ചീഫ് സെക്രട്ടറി വി പി ജോയ്, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല എന്നിവർ പങ്കെടുത്തു.