
മെറ്റല്‍ ഓഹരികള്‍ ഇന്ന് ശക്തമായ മുന്നേറ്റം നടത്തി. ഹിന്‍ഡാല്‍കോ ഇന്റസ്‌ട്രീസ്, വേദാന്ത, നാഷണല്‍ അലൂമിനിയം എന്നീ കമ്പനികളുടെ ഓഹരി വില റെക്കോഡ് ഉയരത്തില്‍ എത്തി. ഹിന്ദുസ്ഥാന്‍ കോപ്പര്‍, നാഷണല്‍ അലൂമിനിയം, ലോയ്‌ഡ്‌സ് മെറ്റല്‍സ് ആന്റ് എനര്‍ജി, വെല്‍സ്‌പണ്‍ കോര്‍പ്പറേഷന്‍, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (സെയില്‍), ഹിന്ദുസ്ഥാന്‍ സിങ്ക് എന്നീ ഓഹരികള്‍ 3.25 ശതമാനം മുതല്‍ 5 ശതമാനം വരെ ഉയര്‍ന്നു. നിഫ്‌റ്റി മെറ്റല്‍ സൂചിക 1.75 ശതമാനം നേട്ടം രേഖപ്പെടുത്തി.
ജിന്റാല്‍ സ്റ്റീല്‍, എന്‍എംഡിസി, ടാറ്റാ സ്റ്റീല്‍ എന്നീ ഓഹരികള്‍ 0.5 ശതമാനം മുതല്‍ 2.75 ശതമാനം വരെ ഉയര്‍ന്നു. മെറ്റല്‍ കമ്പനികളുടെ വരുമാനം വര്‍ധിക്കുമെന്ന പ്രതീക്ഷയാണ് ഓഹരികളുടെ കുതിപ്പിന് വഴിയൊരുക്കിയത്.
അടുത്ത വര്‍ഷം യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നോമിനി എത്തുന്നതോടെ വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഉത്തജേക പദ്ധതികളും മറ്റും കമ്മോഡിറ്റികളിലേക്ക് വലിയ നിക്ഷേപം എത്തുന്നതിന് വഴിയൊരുക്കുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ആറുമാസ കാലയളവില്‍ മെറ്റല്‍ ഓഹരികള്‍ വേറിട്ട പ്രകടനമാണ് കാഴ്‌ച വെച്ചത്. ഈ കാലയളവില്‍ നിഫ്‌റ്റി നാല് ശതമാനം നേട്ടം രേഖപ്പെടുത്തിയപ്പോള്‍ നിഫ്‌റ്റി മെറ്റല്‍ സൂചിക 17 ശതമാനമാണ് ഉയര്‍ന്നത്.






