
ന്യൂഡല്‍ഹി: മുഴുവന്‍ പൗരന്മാരേയും ഡിജിറ്റല്‍ സൗകര്യത്തിലേയ്ക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ മാര്‍ച്ച് 6 ന് ആര്‍ബിഐ ഡിജിറ്റല്‍ പെയ്മന്റ് അവബോധ വാരം സംഘടിപ്പിച്ചു. ‘ഡിജിറ്റല്‍ ഇടപാടുകള്‍ സ്വായത്തമാക്കൂ, പഠിപ്പിക്കൂ.. ‘എന്ന പ്രമേയമാണ് അവബോധവാരത്തിന്റെ ഭാഗമായി കേന്ദ്രബാങ്ക് പ്രചരിപ്പിക്കുന്നത്.
ഓണ്‍ലൈന്‍ പേയ്മെന്റ് ഇക്കോസിസ്റ്റത്തിലേക്ക് പുതിയ ഉപഭോക്താക്കളെ ആനയിക്കുന്നതോടൊപ്പം ഇടപാടുകള്‍ എളുപ്പമാക്കുന്നതിനുള്ള വഴിയും ആര്‍ബിഐ പകരുന്നു. ബാങ്കുകള്‍, നോണ്‍-ബാങ്കുകള്‍, പേയ്മെന്റ് സിസ്റ്റം ഓപ്പറേറ്റര്‍മാര്‍, ഡിജിറ്റല്‍ പേയ്മെന്റ് ഉപയോക്താക്കള്‍ എന്നിവരുള്‍പ്പെടെയുള്ള വ്യവസായ പങ്കാളികളോട് ഡിജിറ്റല്‍ ബോധവത്ക്കരണം നടത്താന്‍ കേന്ദ്രബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാറും ഈ വഴിയില്‍ സജീവമാണ്.
ശക്തമായ ഡിജിറ്റല്‍ പേയ്മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ സജ്ജീകരിക്കുന്നതിന് അവര്‍ നിരവധി സംരംഭങ്ങള്‍ ആരംഭിച്ചു. യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ), ഡിജിറ്റല്‍ റുപ്പി, നാഷണല്‍ ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ (എന്‍ഇടിസി), ഫാസ്ടാഗ്, ഭാരത് ബില്‍ പേയ്മെന്റ് സിസ്റ്റം (ബിബിപിഎസ്), റുപേ കാര്‍ഡുകള്‍ തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു. ഡിജിറ്റല്‍ പേയ്മെന്റുകള്‍ സുഗമമാക്കുന്നതിന്, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
‘ഹാര്‍ പേയ്മെന്റ് ഡിജിറ്റല്‍’ കാമ്പെയ്ന്‍ ഡിജിറ്റല്‍ വായ്പാ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തും. സുരക്ഷിതമായ ഇടപാടുകള്‍, വേഗത്തിലുള്ള ഫണ്ട് കൈമാറ്റം, വ്യാജ കറന്‍സി കൈമാറ്റം എന്നിവയാണ് ഡിജിറ്റല്‍ വായ്പയുടേയും ഓണ്‍ലൈന്‍ പേയ്മെന്റ് പ്ലാറ്റ്ഫോമുകളുടേയും അനുകൂല ഘടങ്ങള്‍. മാത്രമല്ല ഇവ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പ്രോത്സാഹിപ്പിക്കുന്നു.
ആഗോള പെയ്മന്റ് രംഗത്ത് ഇന്ത്യ ഒരു നക്ഷത്രമായെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് നേരത്തെ പറഞ്ഞിരുന്നു. പിഎസ്ഒ (പെയ്മന്റ് സിസ്റ്റം ഓപ്പറേറ്റര്‍) കളുടേയും സര്‍ക്കാറിന്റെയും സെന്‍ട്രല്‍ ബാങ്കിന്റെയും സംയുക്ത പരിശ്രമഫലമായാണ് നേട്ടം. 2023 ജനുവരിയില്‍ 51 ലക്ഷം കോടി രൂപയുടെ 1050 കോടി റീട്ടെയില്‍ ഡിജിറ്റല്‍ പെയ്മന്റുകളാണ് രാജ്യത്ത് നടന്നത്.
ഇന്ത്യന്‍ ഡിജിറ്റല്‍ പെയ്മന്റുകളുടെ വലിപ്പത്തിന്റെയും കാര്യക്ഷമതയുടെയും തെളിവ്, ഒരു കോണ്‍ഫറന്‍സില്‍ സംസാരിക്കവേ ദാസ് പറഞ്ഞു.ഇന്ത്യന്‍ പെയ്മന്റ് സംവിധാനം താങ്ങാവുന്നതും സൗകര്യപ്രദവും കാര്യക്ഷമവും സുരക്ഷിതവുമാണ്. അത് സാമ്പത്തിക ഉള്‍പ്പെടുത്തല്‍ വര്‍ധിപ്പിച്ചു.
മൊത്തം 114 കോടി മൊബൈല്‍ കണക്ഷനുകള്‍ രാജ്യത്തുണ്ടെന്ന് പറഞ്ഞ ഗവര്‍ണര്‍ അതില്‍ നഗര, ഗ്രാമങ്ങളിലെ വിഹിതം യഥാക്രമം 55 ശതമാനം, 45 ശതമാനം എന്നിങ്ങനെയാണെന്നും അറിയിക്കുന്നു. പരമ്പരാഗത ബാങ്കിംഗ് സമയത്തെ മറികടക്കാന്‍ ഇതുവഴി സാധിച്ചു. 2016-ല്‍ ആരംഭിച്ച യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) 2023 ജനുവരിയില്‍ മാത്രം 13 ലക്ഷം കോടി രൂപയുടെ 803 കോടി ഇടപാടുകള്‍ നടത്തി.
യുപിഐ പേയ്മന്റ് ഇക്കോസിസ്റ്റത്തില്‍ വിപ്ലവം സൃഷ്ടിച്ചുകഴിഞ്ഞു.2018 മാര്‍ച്ചില്‍ 100 ആയിരുന്ന ഡിജിറ്റല്‍ പെയ്മന്റ് സൂചിക 2022 സെപ്തംബറില്‍ 377.46 ആയി ഉയര്‍ന്നു. ദീര്‍ഘദൂരം സഞ്ചരിച്ചതിന്റെ തെളിവാണിത്.
ആര്‍ബിഐയാണ് ഡിജിറ്റല്‍ പെയ്മന്റ് ഇന്‍ഡക്സിന് രൂപം നല്‍കിയത്.






