
ന്യൂഡല്‍ഹി: എച്ച്ഡിഎഫ്സി ബാങ്കിന്റെ പാര്‍ട്ട് ടൈം ചെയര്മാന് അതനു ചക്രവര്‍ത്തി രാജിവച്ചു. കുറച്ചു വര്‍ഷങ്ങളായി ബാങ്കിന്റെ നയങ്ങളോട് തനിക്കു യോജിക്കാനാവുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അതാനു ചക്രവര്‍ത്തി രാജി പ്രഖ്യാപിച്ചത്.
അതനുവിന്റെ രാജിക്കു പിന്നാലെ എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളില്‍ എട്ടു ശതമാനത്തിലധികം ഇടിവു രേഖപ്പെടുത്തി. കെകി മിസ്ത്രിയെ ആര്‍ബിഐ ഇടക്കാല ചെയര്‍മാനായി നിയമിച്ചു. മുമ്പ് എച്ച്ഡിഎഫ്സി ലിമിറ്റഡിന്റെ വൈസ് ചെയര്‍മാനായിരുന്ന കെകി മിസ്ത്രിയെ മൂന്നു മാസത്തേക്ക് എച്ച്ഡിഎഫ്സി ബാങ്കിന്റെ ഇടക്കാല പാര്‍ട്ട് ടൈം ചെയര്‍മാനായി നിയമിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകാരം നല്‍കുകയായിരുന്നു.
അഞ്ചു വര്‍ഷം മുമ്പാണ് അതനു ചക്രവര്‍ത്തി എച്ച്ഡിഎഫ്സിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ചില കാര്യങ്ങള്‍ ശരിയായ രീതിയിലല്ല മുന്നോട്ടുപോകുന്നത് എന്നു വ്യക്തമാക്കിയ അദ്ദേഹം പ്രശ്നങ്ങള്‍ എന്താണെന്നു വ്യക്തമാക്കിയില്ല. അതനു ചക്രവര്‍ത്തി ചെയര്‍മാനായിരുന്ന കാലത്താണ് ബാങ്ക് എച്ച്ഡിഎഫ്സി ലിമിറ്റഡുമായി ലയിച്ചത്. അദ്ദേഹത്തിന്റെ കാലത്താണ് ബാങ്ക് രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്ക് ആയതും.
ചക്രവര്‍ത്തി തന്റെ ഭരണകാലത്ത് ബാങ്കിനു നല്കിയ സംഭാവനകളെ ഡയറക്ടര്‍ ബോര്‍ഡ് അഭിനന്ദിച്ചു. ഭാവി ജീവിതത്തില്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു. അദ്ദേഹത്തിന്റെ ഭാവി ശ്രമങ്ങളില്‍ എല്ലാ വിജയങ്ങളും ആശംസിക്കുകയും ചെയ്യുന്നതായി അതാനു ചക്രവര്‍ത്തിയുടെ രാജിയില്‍ ബാങ്ക് പ്രതികരിച്ചു.
ബാങ്കിന്റെ ഉയര്‍ന്ന തലപ്പത്തുണ്ടായ ഈ മാറ്റം സാധാരണക്കാരായ ഉപയോക്താക്കളെ നേരിട്ട് ബാധിക്കില്ല. നിങ്ങളുടെ അക്കൗണ്ടുകള്‍ക്കോ നിക്ഷേപങ്ങള്‍ക്കോ നിലവില്‍ യാതൊരു ഭീഷണിയുമില്ല. ചുരുക്കത്തില്‍, ബാങ്കിന്റെ പ്രവര്ത്തനരീതികളിലുള്ള അതൃപ്തി പരസ്യമാക്കി ചെയര്മാന് സ്ഥാനം ഒഴിഞ്ഞതു ബാങ്കിന്റെ വിശ്വാസ്യതയെ നിക്ഷേപകര്‍ക്കിടയില്‍ ചെറുതായി ബാധിച്ചിട്ടുണ്ട്.
അതേസമയം, മാനേജ്മെന്റ് തലത്തിലെ മാറ്റം ബാങ്കിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്.






