
കൊച്ചി: എക്സ്ക്ലൂസീവ് ഹാൻഡ് ലൂം എക്സ്പോയുടെ രണ്ടാം പതിപ്പിന് കൊച്ചിയിൽ തുടക്കമായി. എറണാകുളം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് എതിർവശത്തുള്ള റെന ഇവന്‍റ് ഹബ്ബിലാണ് എക്സ്പോ നടക്കുന്നത്. 17-ന് സമാപിക്കും. കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിലെ ഡെവലപ്‌മെന്‍റ് കമ്മീഷണറുടെ (കൈത്തറി) കീഴിലുള്ള നാഷണൽ ഡിസൈൻ സെന്‍ററാണ് (എൻഡിസി) എക്സ്പോ സംഘടിപ്പിക്കുന്നത്. കൈത്തറി സാരികൾ, ഡ്രസ് മെറ്റീരിയലുകൾ, ഷാളുകൾ, സ്റ്റോളുകൾ, ഫാബ്രിക്കുകൾ, ഹോം ഫർണിഷിംഗ് ഉൽപ്പന്നങ്ങൾ എന്നിവയാണ് പ്രധാനമായും പ്രദർശനത്തിലും വിൽപ്പനയ്ക്കുമായി ഒരുക്കിയിരിക്കുന്നത്.
നെയ്ത്തുകാരിൽ നിന്നു നേരിട്ട് ഉത്പന്നങ്ങൾ വാങ്ങുന്നതിനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഉപഭോക്താക്കളും നെയ്ത്തുകാരും തമ്മിൽ നേരിട്ടുള്ള ആശയവിനിമയം സാധ്യമാകുന്ന രീതിയിലാണ് എക്സ്പോയുടെ ക്രമീകരണം. വിവിധ കൈത്തറി നെയ്ത്ത് രീതികൾ, പരമ്പരാഗത ഡിസൈൻ ശൈലികൾ, ഉപയോഗിക്കുന്ന നൂൽ തരം തുടങ്ങിയവയെ കുറിച്ച് വിശദീകരണങ്ങളും ലഭ്യമാകും. രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കഴിവുള്ള കൈത്തറി നെയ്ത്തുകാരുടെ ഉത്പന്നങ്ങൾ പ്രദർശനത്തിലുണ്ട്. ഉപഭോക്താക്കൾക്ക് നെയ്ത്തുകാരുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിനും നെയ്ത്ത് രീതികൾ പരിചയപ്പെടുന്നതിനുമുള്ള അവസരമുണ്ടാകും. ദിവസവും രാവിലെ 11 മുതൽ രാത്രി എട്ട് മണി വരെയുള്ള പ്രദർശനം സൗജന്യമാണ്.






