
തിരുവനന്തപുരം: കേരളത്തിലെ ഐടി കമ്പനികളുടെ വ്യവസായ സംഘടനയായ ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനീസ് (ജിടെക്) ടെക്‌നോപാര്‍ക്കില്‍ പ്രൊമോഷണല്‍ റണ്‍ നടത്തി. 2026 ഫെബ്രുവരി 15 ന് കൊച്ചിയില്‍ നടക്കുന്ന ജിടെക് മാരത്തണിന്‍റെ നാലാം പതിപ്പിന് മുന്നോടിയായാണ് പ്രൊമോഷണല്‍ റണ്‍ നടത്തിയത്. സംസ്ഥാന സര്‍ക്കാരിന്‍റെ ‘സേ നോ ടു ഡ്രഗ്‌സ്’ ലഹരി വിരുദ്ധ കാംപെയ്നിനെ പിന്തുണയ്ക്കുന്നതിനും ലഹരി ദുരുപയോഗത്തിന്‍റെ വ്യാപനത്തെക്കുറിച്ച് പൊതുജന അവബോധം വര്‍ധിപ്പിക്കുന്നതിനുമായാണ് മാരത്തണ്‍.
ടെക്‌നോപാര്‍ക് ഫേസ്1, ടിസിഎസ് കാംപസ് എന്നിവിടങ്ങളില്‍ നടന്ന പ്രൊമോ റണ്ണില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ 50-ൽ അധികം ഐടി കമ്പനി സിഇഒമാരെ കൂടാതെ 250-ൽ അധികം പേര്‍ പങ്കെടുത്തു. 5 കിലോമീറ്റര്‍ പ്രൊമോ റണ്‍ ആണ് നടന്നത്. ടെക്‌നോപാര്‍ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.), എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ഹരി പ്രസാദ്, ഓസ്പിന്‍ ടെക്‌നോളജീസ് സിഇഒ പ്രസാദ് വര്‍ഗീസ്, കൈസെമി മാനേജിംഗ് ഡയറക്ടര്‍ ജെഫ് ബോക്കര്‍, വര്‍ക്ക്‌പ്ലേസ് സ്ഥാപകന്‍ ഹരീഷ് മോഹന്‍, ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനിലെ ടെക്‌നോളജി സെക്ടര്‍ ലീഡ് സിജോയ് തോമസ് എന്നിവര്‍ പ്രൊമോ റണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
കേരളത്തില്‍ മയക്കുമരുന്ന് ദുരുപയോഗത്തിന്‍റെ വ്യാപനത്തെക്കുറിച്ചും അതിന്‍റെ ദൂഷ്യഫലങ്ങളെക്കുറിച്ചും പൊതുസമൂഹത്തിലും ചെറുപ്പക്കാരിലും അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാരത്തണ്‍ സംഘടിപ്പിക്കുന്നതെന്ന് ജിടെക് ചെയര്‍മാന്‍ വി കെ മാത്യൂസ് തന്‍റെ സന്ദേശത്തില്‍ പറഞ്ഞു.






