
ന്യൂഡൽഹി: ഇന്ത്യയുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) ശേഖരണം ഫെബ്രുവരിയിൽ 1.83 ലക്ഷം കോടിയായി ഉയർന്നു. 2025 ഫെബ്രുവരിയേക്കാക്കാൾ 8.1 ശതമാനത്തിന്‍റെ വർധനയാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരിയിലെ ജിഎസ്ടി ശേഖരണം ജനുവരിയിലെ 1.93 ലക്ഷം കോടിയേക്കാൾ കുറവാണ്.
ഫെബ്രുവരി 28 വരെയുള്ള കണക്കനുസരിച്ച്, 2026 സാമ്പത്തിക വർഷത്തിലെ വരുമാനം 20.27 ലക്ഷം കോടിയാണ്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 8.3 ശതമാനം വർധനയുണ്ടായി.
ഫെബ്രുവരിയിലെ ആകെ റീഫണ്ടുകൾ 22,595 കോടിയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇതിൽ 10.2 ശതമാനം വർധനയുണ്ടായി. റീഫണ്ടുകൾക്കുശേഷമുള്ള അറ്റ ജിഎസ്ടി വരുമാനം 1.61 ലക്ഷം കോടിയാണ്. മുൻ വർഷം ഇതേ മാസത്തിൽ ലഭിച്ച് 1.49 ലക്ഷം കോടി രൂപയേക്കാൾ 7.9 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസം ആഭ്യന്തര മൊത്തവരുമാനം 5.3 ശതമാനം വർധിച്ച് 1.36 ലക്ഷം കോടിയും ഇറക്കുമതിയിലുണ്ടായ മൊത്ത വരുമാനം 17.2 ശതമാനം ഉയർന്ന് 47,837 കോടി രൂപയുമായി. സെസ് വരുമാനം കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 13,481 കോടി രൂപയാ യിരുന്നപ്പോൾ കഴിഞ്ഞ മാസം 5063 കോടി രൂപയായി കുറഞ്ഞു.






