
മുംബൈ: ഡിസ്‌കൗണ്ട് ബ്രോക്കിംഗ് സ്ഥാപനങ്ങള്‍ ഓഗസ്റ്റില്‍ സജീവ നിക്ഷേപകരുടെ എണ്ണത്തില്‍ ഇടിവ് രേഖപ്പെടുത്തി. രാജ്യത്തെ മുന്‍നിര കമ്പനികളായ ഗ്രോ, സീറോദ, ഏഞ്ചല്‍ വണ്‍, അപ്സ്റ്റോക്സ് എന്നിവയ്ക്ക് ഏകദേശം 7 ലക്ഷം ക്ലയന്റുകളെയാണ് നഷ്ടപ്പെട്ടത്. 2025 ന്റെ ആദ്യ പകുതിയില്‍ മാത്രം, ഈ മാര്‍ക്കറ്റ് നേതാക്കള്‍ 20 ലക്ഷം സജീവ നിക്ഷേപകരെ നഷ്ടപ്പെടുത്തി.
മിറേ അസറ്റ് ക്യാപിറ്റല്‍, ഫോണ്‍പേ വെല്‍ത്ത്, ഷെയര്‍ഖാന്‍, കൊട്ടക് സെക്യൂരിറ്റീസ്, മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ എന്നിവയുള്‍പ്പെടെ മറ്റ് പ്രമുഖ സ്ഥാപനങ്ങളും നിക്ഷേപകരുടെ എണ്ണത്തില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഫ്യൂച്ചറുകളും ഓപ്ഷനുകളും അനാകര്‍ഷകമായതാണ് റീട്ടെയ്ല്‍ നിക്ഷേപകരെ പിന്തിരിപ്പിക്കുന്നത്. കര്‍ശനമായ മാര്‍ജിന്‍ ആവശ്യകതകള്‍, വെട്ടിക്കുറച്ച പ്രതിവാര എക്‌സ്പയറി, ഉയര്‍ന്ന് മൂലധന പരിധികള്‍, ഉയര്‍ന്ന നികുതി എന്നിവ ഡെറിവേറ്റീവുകളുടെ മാറ്റ് കുറച്ചു.
കൂടാതെ,മ്യൂച്വല്‍ ഫണ്ടുകള്‍, പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സേവനങ്ങള്‍, ഇതര നിക്ഷേപ ഫണ്ടുകള്‍ തുടങ്ങി പ്രൊഫഷണലായി കൈകാര്യം ചെയ്യുന്ന നിക്ഷേപ സാധ്യതകളും മാറ്റത്തിന് കാരണമായി.അതേസമയം എല്ലാ ബ്രോക്കറേജുകളും ഇടിവ് രേഖപ്പെടുത്തിയിട്ടില്ല. ഐസിഐസിഐ സെക്യൂരിറ്റീസ്, എസ്ബിഐസിഎപി, പേടിഎം മണി എന്നിവ യഥാക്രമം 6512,7400,11983 എണ്ണം നിക്ഷേപകരെ ചേര്‍ത്തു.
ആരിത ബ്രോക്കിംഗ്, മണിവൈസ് ഫിന്‍വെസ്റ്റ്, ചോയ്സ് ഇക്വിറ്റി ബ്രോക്കിംഗ്, റെലിഗെയര്‍ ബ്രോക്കിംഗ്, ജൈനം ബ്രോക്കിംഗ്, യെസ് സെക്യൂരിറ്റീസ്, ഐഡിബിഐ ക്യാപിറ്റല്‍, ബജാജ് ഫിനാന്‍ഷ്യല്‍ സെക്യൂരിറ്റീസ് എന്നീ ചെറിയ കമ്പനികളും നേട്ടമുണ്ടാക്കി.