
തിരുവനന്തപുരം: പുനരുപയോഗ, ഹരിത സ്രോതസ്സുകളില്‍നിന്നുള്ള വൈദ്യുതോത്പാദനം കൂട്ടാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി ഗ്രിഡിലെ ഓവര്‍ ലോഡ്. സോളാർ, കാറ്റ് തുടങ്ങിയ സ്രോതസ്സുകളില്‍നിന്നുള്ള ഉത്പാദനം മുൻകൂട്ടി നിശ്ചയിക്കാനാവില്ല. ഇങ്ങനെയുള്ള വൈദ്യുതി ഗ്രിഡിലേക്കെത്തുന്നതാണ് ഇതിന് പ്രധാന കാരണം.
സോളാർ ഉത്പാദനം നിയന്ത്രിക്കുക, അല്ലെങ്കില്‍ പ്രസരണവിതരണ ശൃംഖല ശക്തിപ്പെടുത്തുകയോ കൂടുതല്‍ ബാറ്ററി സ്റ്റോറേജ് സംവിധാനം ഏർപ്പെടുത്തുകയോ ആണ് ഇതിനുള്ള പരിഹാരമാർഗങ്ങള്‍. പ്രതിസന്ധി ഒഴിവാക്കാൻ പെട്ടെന്നുള്ള മാർഗമെന്നനിലയ്ക്കാണ് സോളാർ ഉത്പാദനത്തില്‍ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ഗ്രിഡ് സമ്മർദം ചൂണ്ടിക്കാട്ടി കെഎസ്‌ഇബിയിലും സോളാർ ഉത്പാദനം നിയന്ത്രിക്കണമോ വേണ്ടയോ എന്നകാര്യത്തില്‍ പൊരിഞ്ഞതർക്കം നടക്കുകയാണ്.
പുതിയ സോളാർ ഉത്പാദകർക്ക് ആനുകൂല്യങ്ങള്‍ നിയന്ത്രിക്കാനുള്ള കരട് ചട്ടങ്ങള്‍ റെഗുലേറ്ററി കമ്മിഷൻ പുറത്തിറക്കിയതോടെയാണ് തർക്കം തുടങ്ങിയത്. സോളാർ നിലയങ്ങളുടെ വ്യാപനം നിയന്ത്രിക്കണമെന്നാണ് കെഎസ്‌ഇബിയുടെ ആവശ്യം. ഇത് ഹരിതസ്രോതസ്സുകളില്‍നിന്നുള്ള ഉത്പാദനത്തെ നിരുത്സാഹപ്പെടുത്തുന്നതാണെന്ന് കേരളത്തിലെ ഉത്പാദകർ വാദിക്കുമ്പോഴാണ് രാജ്യത്തുതന്നെ സോളാർ ഉത്പാദനം നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടാകുന്നത്.