
കൊച്ചി: ഉയർന്ന പലിയ നിരക്കും അസംസ്കൃതസാധനങ്ങളുടെ വിലക്കയറ്റവും മൂലം വലയുന്ന ഭവന നിർമ്മാണ മേഖലയ്ക്ക് ഉണർവ് പകരാൻ കേന്ദ്ര സർക്കാർ വമ്പൻ ഉത്തേജക പദ്ധതി പ്രഖ്യാപിച്ചേക്കും.
നാണയപ്പെരുപ്പം നിയന്ത്രണവിധേയമാകാൻ സമയമെടുക്കുന്നതിനാൽ പലിശ നിരക്ക് ഉടനെയൊന്നും കുറയില്ലെന്ന വിലയിരുത്തലിലാണ് റിയൽ എസ്റ്റേറ്റ് രംഗത്തിനായി പാക്കേജ് പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുന്നത്.
നിർമ്മാണ ഉത്പന്നങ്ങളുടെ രൂക്ഷമായ വിലക്കയറ്റവും പലിശ നിരക്കിലുണ്ടായ വർദ്ധനയും മറികടക്കാൻ ഭവന നിർമ്മാണ മേഖലയ്ക്കായി 60,000 കോടി രൂപ സബ്‌സിഡിയായി ലഭ്യമാക്കുന്ന പദ്ധതിക്കാണ് കേന്ദ്ര സർക്കാർ രൂപം നൽകുന്നത്.
ഭവനവായ്പകൾ എടുക്കുന്ന ഉപഭോക്താക്കൾക്ക് ബാങ്കുകൾ വഴി ഒരു ശതമാനത്തിനടുത്ത് പ്രതിവർഷം പലിശ സബ്‌സിഡി ലഭ്യമാക്കാനാണ് ആലോചിക്കുന്നത്. അടുത്ത അഞ്ച് വർഷത്തേക്ക് ഭവന വായ്പകൾക്ക് പലിശ ഇളവ് ബാങ്കുകൾ വഴി ലഭ്യമായേക്കും.
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ശേഷം പദ്ധതി പ്രഖ്യാപിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. വിലക്കയറ്റം മൂലം വലയുന്ന സാധാരണക്കാർക്ക് ഭവന മേഖലയിലെ പലിശയിളവ് ഏറെ ആശ്വാസം പകരുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ.
ഇരുപത് വർഷം കാലാവധിയുള്ള അൻപത് ലക്ഷം രൂപ വരെയുള്ള വായ്പാ തുകയ്ക്ക് പലിശ ഇളവ് ലഭ്യമാകും. രാജ്യത്തെ 25 ലക്ഷം ഭവന വായ്പാ ഉപഭോക്താക്കൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്.
പദ്ധതിയുടെ പ്രയോജനം താഴെത്തട്ടിൽ വരെ ലഭ്യമാകുന്നുവെന്ന് ഉറപ്പു വരുത്താൻ രാജ്യത്തെ മുൻ നിര ബാങ്ക് മേധാവികളുമായി കേന്ദ്ര ധനമന്ത്രാലയം ഉദ്യോഗസ്ഥർ അടുത്ത ദിവസം ചർച്ചകൾ നടത്തും.
ഭവന നിർമ്മാണ മേഖലയിൽ കൂടുതൽ വായ്പ ലഭ്യമാക്കാൻ പദ്ധതി സഹായിക്കുമെന്ന് ബാങ്ക് ഉദ്യോഗസ്ഥർ പറയുന്നു. രാജ്യത്തെ സാമ്പത്തിക മേഖല മികച്ച വളർച്ചയിലേക്ക് മടങ്ങി എത്തിയതോടെ ഭവന വായ്പകൾക്ക് ആവശ്യക്കാർ ഏറുകയാണ്.
ആഗോള വിപണിയുടെ ചുവട് പിടിച്ച് ഇന്ത്യയിലും നിർമ്മാണ സാമഗ്രികളുടെ വില കുറഞ്ഞതോടെ പരമാവധി വേഗത്തിൽ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഉപഭോക്താക്കൾ സജീവമായി ആലോചിക്കുകയാണെന്ന് ബാങ്കിംഗ് രംഗത്തുള്ളവർ പറയുന്നു.
കഴിഞ്ഞ രണ്ടു വർഷമായി കടുത്ത മാന്ദ്യ സാഹചര്യത്തിൽ നീങ്ങുകയായിരുന്ന റിയൽ എസ്റ്റേറ്റ് വിപണിയിൽ മാറ്റത്തിന്റെ ചലനങ്ങൾ ശക്തമാണ്.. അതേസമയം വിപണിയിൽ അനുകൂല സാഹചര്യമാണെങ്കിലും വായ്പകളുടെ പലിശ നിരക്ക് ഉയർന്നു നിൽക്കുന്നതാണ് ഉപഭോക്താക്കളെ വിഷമത്തിലാക്കുന്നത്.
നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒരു വർഷത്തിനിടെ റിസർവ് ബാങ്ക് മുഖ്യ നിരക്ക് 2.25 ശതമാനം വർദ്ധിപ്പിച്ചതിനാൽ ഭവന വായ്പകളുടെ പലിശ പത്ത് ശതമാനത്തിന് അടുത്ത് എത്തി.
എന്നാൽ ഡിസംബർ മാസത്തിന് ശേഷം മുഖ്യ പലിശ നിരക്ക് കുറഞ്ഞു തുടങ്ങുമെന്നാണ് ഭവന നിർമ്മാതാക്കൾ പ്രതീക്ഷിക്കുന്നത്. ഇതോടെ ഭവന നിർമ്മാണ മേഖല കൂടുതൽ സജീവമാകുമെന്നും അവർ വിലയിരുത്തുന്നു.
കഴിഞ്ഞ ആറ് മാസത്തിനിടെ ഭവന വായ്പകളുടെ ആവശ്യകതയിൽ ഇരുപത് ശതമാനത്തിലധികം വർദ്ധനയാണ് രേഖപ്പെടുത്തിയത്. നിർമ്മാണ സാമഗ്രികളുടെയും ലോഹങ്ങളുടെയും വില താഴ്ന്നതോടെ ഉപഭോക്താക്കൾ ഭവന വായ്പ എടുക്കാൻ കൂടുതൽ താത്പര്യം പ്രകടിപ്പിക്കുകയാണ്.
മെട്രോ, നഗര മേഖലകളിൽ കഴിഞ്ഞ മാസങ്ങളിൽ ഫ്‌ളാറ്റ്, വില്ല എന്നിവയുടെ വിൽപ്പന ഗണ്യമായി മെച്ചപ്പെട്ടുവെന്ന് പ്രമുഖ ഭവന നിർമ്മാതാക്കൾ പറയുന്നു.
ഇതോടൊപ്പം വിദേശ മലയാളികളും കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ തുടങ്ങിയ നഗര മേഖലകളിൽ വലിയ തോതിൽ ഭവന രംഗത്ത് നിക്ഷേപം നടത്തുന്നുണ്ട്. റീട്ടെയ്ൽ ഉപഭോക്താക്കളും വായ്പ വിപണിയിൽ സജീവമായി.
വരും മാസങ്ങളിൽ വാഹന വിപണി കൂടി സജീവമാകുന്നതോടെ ബാങ്ക് വായ്പകൾക്ക് ആവശ്യക്കാർ ഏറുമെന്നാണ് പ്രതീക്ഷ. പ്രമുഖ ഫ്‌ളാറ്റ് നിർമ്മാണ കമ്പനികളെല്ലാം പുതിയ സാഹചര്യത്തിൽ നിരവധി ആനുകൂല്യങ്ങളും ഇളവുകളുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ കുറഞ്ഞതിനാൽ വിദേശ ഇന്ത്യയ്ക്കാരും ഭവന വിപണിയിൽ സജീവമാണ്.






