
കൊച്ചി: വിനോദസഞ്ചാര കേന്ദ്രങ്ങളുടെ നവീകരണം, സൗകര്യം വർദ്ധിപ്പിക്കൽ, വിപണനം എന്നിവയ്ക്ക് സർക്കാർ കൂടുതൽ നിക്ഷേപം നടത്തുമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
കേരള ട്രാവൽ മാർട്ട് സൊസൈറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് വെർച്വൽ ട്രാവൽ മാർട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം സന്ദർശിക്കുന്നവർക്ക് മികച്ച ടൂറിസം അനുഭവം ലഭിക്കുന്നതിന് നൂതന സാങ്കേതികവിദ്യ ഉപയോഗിക്കണം. കേരള ടൂറിസത്തെ അന്തർദേശീയ വേദികളിൽ മികച്ച രീതിയിൽ വിപണനം ചെയ്യുന്നതിന് സർക്കാർ എല്ലാ സഹായവും ചെയ്യും.
ടൂറിസം രംഗത്തെ അഭിവൃദ്ധി സംരംഭകർക്ക് മാത്രമല്ല, പ്രദേശവാസികൾക്കും ലഭിക്കുന്നത് സർക്കാർ ഉറപ്പുവരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ടൂറിസം മേഖലയിൽ കൂടുതൽ സ്വകാര്യ നിക്ഷേപം ആകർഷിക്കാനുള്ള ശ്രമങ്ങൾക്ക് സർക്കാർ പിന്തുണ നൽകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
പുതിയ ടൂറിസം ഉത്പന്നങ്ങൾ വികസിപ്പിക്കുന്നതിന് സഹായങ്ങൾ നൽകും. ഹോംസ്റ്റേ മുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ വരെ ടൂറിസം വ്യവസായത്തിലെ പങ്കാളികൾക്ക് തുല്യമായ അവസരം ഉറപ്പാക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ധനമന്ത്രി പറഞ്ഞു.
വ്യവസായ മന്ത്രി പി. രാജീവ്, വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, ടൂറിസം ഡയറക്ടർ പി.ബി. നൂഹ്, കെ.ടി.എം പ്രസിഡന്റ് ബേബി മാത്യു സോമതീരം, സെക്രട്ടറി ജോസ് പ്രദീപ്, മുൻ പ്രസിഡന്റുമാരായ ജോസ് ഡൊമിനിക്, ഇ.എം. നജീബ്, റിയാസ് അഹമ്മദ്, ഏബ്രഹാം ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
120 വിദേശ ബയർമാരും 395 ആഭ്യന്തര ബയർമാരുമാണ് വെർച്വൽ കെ.ടി.എമ്മിൽ രജിസ്റ്റർ ചെയ്തത്. സംസ്ഥാനത്തെ 245 സംരംഭകരുമായി കൂടിക്കാഴ്ചകൾ നടത്തുമെന്ന് സംഘാടകർ അറിയിച്ചു.