കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് മികച്ച സ്വീകാര്യത

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ വികസനത്തിന് കുതിപ്പേകാന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് മികച്ച സ്വീകാര്യത.

സര്‍ക്കാര്‍ മേഖലയ്ക്കു പുറമേ സ്വകാര്യ പാര്‍ക്കുകള്‍ കൂടി വികസിപ്പിച്ച് സംരംഭകരെ ആകര്‍ഷിക്കാനും തൊഴില്‍ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയില്‍ എട്ട് പാര്‍ക്കുകളാണ് വികസന ഘട്ടത്തിലുള്ളത്.

നാലു വര്‍ഷം കൊണ്ട് 1000 ഏക്കറില്‍ 100 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ സാധ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ചുരുങ്ങിയത് 10 ഏക്കറെങ്കിലും സ്ഥലമുള്ളവര്‍ക്ക് പാര്‍ക്കിനായും അഞ്ച് ഏക്കര്‍ സ്ഥലമുള്ളവര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി (എസ്.ഡി.എഫ്) സ്ഥാപിക്കുന്നതിനും അപേക്ഷ നല്‍കാം.

സര്‍ക്കാര്‍ തലത്തിലുള്ള കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിധേയമായാണ് ഡവലപ്പര്‍ പെര്‍മിറ്റ് അനുവദിക്കുക. പെര്‍മിറ്റ് ലഭിച്ച് രണ്ടു വര്‍ഷത്തിനകം പാര്‍ക്ക് വികസിപ്പിച്ച് ഉപയോഗയോഗ്യമാക്കണം.

ഇന്ത്യന്‍ വിര്‍ജിന്‍ സ്പൈസസ്, ജേക്കബ്ബ് ആന്‍ഡ് റിച്ചാര്‍ഡ് ഇന്‍റര്‍നാഷണല്‍, സാന്‍സ് സ്റ്റെറില്‍സ് (കോട്ടയം), ഡെല്‍റ്റ അഗ്രിഗേറ്റ്സ് ആന്‍ഡ് സാന്‍ഡ്, പത്തനംതിട്ട ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്‍ (പത്തനംതിട്ട), കടമ്പൂര്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്ക് (പാലക്കാട്), മലബാര്‍ എന്‍റര്‍പ്രൈസസ് (മലപ്പുറം), വി.എം.പി.എസ് ഫുഡ് പാര്‍ക്ക് ആന്‍ഡ് വെഞ്ചേഴ്സ് (കണ്ണൂര്‍) എന്നീ സ്വകാര്യ പാര്‍ക്കുകള്‍ക്ക് ഇതുവരെ അനുമതി ലഭിച്ചു.

ഇവ വികസനത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്. ഇതില്‍ രണ്ടെണ്ണം ഈ വര്‍ഷം തന്നെ പ്രവര്‍ത്തനസജ്ജമായി സംരംഭകര്‍ക്ക് തുറന്നു കൊടുക്കാനായേക്കും.

പുതുതായി ഇരുപതോളം അപേക്ഷകള്‍ ഓണ്‍ലൈനില്‍ ലഭിച്ചിട്ടുണ്ടെന്നും ഇവയ്ക്കുള്ള അനുമതി ലഭിക്കുന്നതോടെ ഈ സാമ്പത്തിക വര്‍ഷം കേരളത്തില്‍ 25 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു.

പെര്‍മിറ്റ് ലഭിക്കുന്നവര്‍ക്ക് പാര്‍ക്കിലേക്കുള്ള റോഡ്, വൈദ്യുതി, ജലം, ഡ്രൈനേജ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനായി 3 കോടി വരെ സര്‍ക്കാര്‍ അനുവദിക്കും.

2022 ലാണ് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ രൂപീകരിക്കാനുള്ള നയം പരിഷ്കരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. സര്‍ക്കാര്‍ വ്യവസായ പാര്‍ക്കിലേതു പോലെ സ്വകാര്യ പാര്‍ക്കുകള്‍ക്ക് സിംഗിള്‍ വിന്‍ഡോ അനുമതി ലഭ്യമാക്കാനും ഈ നയം ലക്ഷ്യമിടുന്നു.

പ്ലാന്‍റേഷന്‍, വയല്‍, തണ്ണീര്‍ത്തടം, തീരദേശം എന്നിവയില്‍പെടാത്ത ഭൂമിയായിരിക്കണം പാര്‍ക്കിനായി കണ്ടെത്തേണ്ടത്. പാര്‍ക്കുകള്‍ക്കായി അപേക്ഷിക്കാന്‍ കമ്പനികള്‍, പാര്‍ട്ട്ണര്‍ഷിപ്പ് തുടങ്ങിയവയ്ക്കാണ് ആദ്യ ഉത്തരവില്‍ അനുമതി ലഭിച്ചത്.

പിന്നീട് 2023 ല്‍ ഇത് പരിഷ്കരിച്ച് വ്യക്തികള്‍ക്കും അപേക്ഷിക്കാമെന്ന രീതിയിലേക്ക് മാറ്റി. അപേക്ഷിക്കുന്നതിനുള്ള വിശദവിവരങ്ങള്‍ വ്യവസായ വകുപ്പിന്‍റെ വെബ്സൈറ്റില്‍ ലഭ്യമാണ്.

അപേക്ഷ സമര്‍പ്പിച്ചാല്‍ ജില്ലാ തല സൈറ്റ് സെലക്ഷന്‍ കമ്മിറ്റി സ്ഥലം പരിശോധിച്ച് റിപ്പോര്‍ട്ട് ഡയറക്ടറേറ്റിന് കൈമാറും. ഈ റിപ്പോര്‍ട്ട് ഡയറക്ടറേറ്റില്‍ നിന്നും മേല്‍പരിശോധന നടത്തി സര്‍ക്കാരിന് കൈമാറും.

തുടര്‍ന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി ചേര്‍ന്ന് ഡവലപ്പര്‍ പെര്‍മിറ്റിന് അനുമതി നല്‍കും.

X
Top