
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വരികയും പോകുകയും ചെയ്യുന്ന യാത്രക്കാരുടെ സംതൃപ്തി സർവേയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റാങ്കിംഗ് നേടി സിയാൽ.
ആഗോളതലത്തിൽ വിമാനത്താവള പ്രവർത്തനങ്ങൾ ഏകീകരിക്കുന്ന എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ(എസിഐ) നടത്തിയ സർവേയിലാണ് സിയാൽ അഞ്ചിൽ 4.99 എന്ന ഉയർന്ന സ്കോർ നേടിയത്. വിമാനത്താവളത്തിന്റെ 23 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്.
2022 ന്റെ ആദ്യപാദത്തിൽ ലോകത്തിലെ 244 വിമാനത്താവളങ്ങളിലാണ് എസിഐ സർവേ നടത്തിയത്. എല്ലാ വിമാന സർവീസുകളുടെയും വിവിധ പ്രായ, വിഭാഗത്തിൽപെടുന്നവരെ ഉൾപ്പെടുത്തി അഞ്ചു പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു സർവേ.
എയർപോർട്ട് ശുചിത്വം, സുരക്ഷാ സംവിധാനങ്ങൾ, വാഷ്റൂം/ടോയ്ലറ്റുകളുടെ ലഭ്യത, ഗേറ്റ് ഏരിയകളിലെ വിശ്രമ സൗകര്യം, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗകര്യങ്ങൾ എന്നിവയായിരുന്നു മാനദണ്ഡങ്ങൾ.