
വില കൂടികൊണ്ടിരിക്കുമ്പോഴും സ്വർണത്തോടുള്ള ഇഷ്ടം നിക്ഷേപകർക്ക് കുറയുന്നില്ലെന്ന് കാണിക്കുന്നതാണ് ഇടിഎഫിലേക്കുള്ള ഏപ്രിൽ മാസത്തെ നിക്ഷേപ കണക്ക്. 124 കോടി രൂപയാണ് ഏപ്രിൽ മാസത്തിൽ എത്തിയ നിക്ഷേപം.
മാർച്ച് മാസത്തിൽ 266 കോടി രൂപ നിക്ഷേപകർ ഗോൾഡ് ഇടിഎഫിൽ നിന്ന് പിൻവലിച്ചിടത്തു നിന്നാണ് ഈ നേട്ടം.
കഴിഞ്ഞ കുറച്ചു മാസങ്ങളിലായി സ്വർണ വില ഉയരുന്ന സാഹചര്യത്തിൽ നിക്ഷേപകർ ലാഭമെടുത്തതാണ് വലിയ ഔട്ട്ഫ്‌ളോയ്ക്ക് സാക്ഷ്യം വഹിച്ചത്. കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് ഉയർത്തുന്നത് താൽക്കാലിക വിരമമായെന്ന പ്രതീക്ഷയിലാണ് ഈ മുന്നേറ്റം.
ഇതോടെ ഇടിഎഫുകൾ ആകെ കൈകാര്യം ചെയ്യുന്ന ആസ്തി 22950 കോടി രൂപയായി. നിക്ഷേപകർ താല്പര്യം കാണിക്കുന്ന സാഹചര്യത്തിൽ എന്താണ് ഗോൾഡ് ഇടിഎഫ് എന്ന് വിശദമായി നോക്കാം.
ആഭ്യന്തര സ്വർണ വില ട്രാക്ക് ചെയ്യുന്ന, ഭൗതിക സ്വർണത്തിന് പകരം നിക്ഷേപത്തിനുള്ള വെർച്വൽ ഓപ്ഷനാണ് ഗോൾഡ് ഇടിഎഫുകൾ. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ഇടിഎഫുകൾ നിക്ഷേപകർക്ക് ഡിമാറ്റ് അക്കൗണ്ട് വഴി നേരിട്ട് വാങ്ങാം.
99.5% ശുദ്ധമായ ഭൗതിക സ്വർണ കട്ടികളാണ് സ്വർണ ഇടിഎഫുകളെ പ്രതിനിധീകരിക്കുന്നത്.
ഭൗതികമായി സ്വർണം കയ്യിൽ വെയ്ക്കാൻ സാധിക്കില്ലെങ്കിലും സ്വർണ വിലയിലുണ്ടാകുന്ന നേട്ടം മുതലാക്കാൻ ചെലവു കുറഞ്ഞ നിക്ഷേപമാണ് ഗോൾഡ് ഇടിഎഫ്.
സംഭരണമോ സുരക്ഷാ ആശങ്കകളോ ഇല്ലാതെ കമ്പനിയുടെ ഓഹരി പോലെ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ വ്യാപാരം നടത്തുന്നതിനാൽ ഏറ്റവും സൗകര്യ പ്രദമായ നിക്ഷേപമാകുന്നു ഇത്.
ഗോൾഡ് ഇടിഎഫുകൾ ലോക്ക്-ഇൻ കാലയളവോ എക്സിറ്റ് ലോഡുകളോ ഇല്ലാത്ത നിക്ഷേപമാണ്. ആവശ്യമുള്ള സമയത്ത് വാങ്ങാനും വിൽക്കാനും സാധിക്കുന്നതിനാൽ പണലഭ്യത ഉറപ്പാക്കുന്നു. വില്പന സമയത്ത് ഭൗതിക സ്വർണത്തെ പോലെ ചാർജുകളൊന്നും ഇല്ലാതെ വിപണി വിലയിൽ വില്പന നടത്താം. ഇത് ഹ്രസ്വകാല നിക്ഷേപകർക്ക് ആകർഷകമായ നിക്ഷേപ ഓപ്ഷനാക്കി മാറ്റുന്നു.
സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ സാധാരണ ഫണ്ടുകൾ പോലെ ഇത് ഡീമെറ്റീരിയലൈസ് ചെയ്യുകയോ പേപ്പർ രൂപത്തിൽ ട്രേഡ് ചെയ്യുകയോ ചെയ്യാം. അവ ഇന്ത്യയിലുടനീളം ഒരേ നിരക്കിൽ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു.
വിലകളിൽ പൂർണമായ സുതാര്യതയുണ്ട്.ഗോൾഡ് ഇടിഎഫുകൾ ഏത് സ്ഥലത്തുനിന്നും ബ്രോക്കർ വഴി എപ്പോൾ വേണമെങ്കിലും ട്രേഡ് ചെയ്യാവുന്നതാണ്. ഡീമാറ്റ് വഴി ഈ ഫണ്ടുകൾ കൈവശം വയ്ക്കുന്നതിനാൽ നിക്ഷേപകന് സംഭരണത്തെക്കുറിച്ചോ ലോക്കർ ഫീസ് അടയ്ക്കുന്നതിനെക്കുറിച്ചോ സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ചോ വിഷമിക്കേണ്ടതില്ല.
ഭൗതിക സ്വർണ വിലയിൽ തന്നെ ഓൺലൈനിൽ ട്രേഡ് ചെയ്യാവുന്ന ഗോൾഡ് ഇടിഎഫ് യൂണിറ്റുകളുടെ രൂപത്തിൽ വാങ്ങാൻ സാധിക്കും. ഗോൾഡ് ഇടിഎഫിന്റെ 1 യൂണിറ്റ് സാധാരണയായി 0.01 ഗ്രാം സ്വർണത്തിന് തുല്യമാണ്. ഇതിനാൽ കുറഞ്ഞ തുകയിൽ നിക്ഷേപം തുടങ്ങാം.
ഗോൾഡ് ഇടിഎഫ് വാങ്ങുന്നതിനും വിൽക്കുന്നതിനും എൻട്രി അല്ലെങ്കിൽ എക്സിറ്റ് ലോഡുകളൊന്നുമില്ല. ട്രേഡിംഗ് പ്ലാറ്റ്‌ഫോം ഈടാക്കുന്ന ബ്രോക്കറേജ് ചാർജുകൾ നൽകേണ്ടിവരും.സ്വർണ ഇടിഎഫുകൾ സ്വർണത്തിന്റെ വിലയെ ബാധിക്കുന്ന മാർക്കറ്റ് റിസ്കുകൾക്ക് വിധേയമാണ്.
ഏതെങ്കിലും ധനകാര്യ സ്ഥാപനത്തിൽ നിന്ന് കടമെടുത്ത സുരക്ഷിത വായ്പയ്‌ക്കെതിരെ ഗോൾഡ് ഇടിഎഫുകൾ ഈടായി സമർപ്പിക്കാവുന്നതാണ്. മുഴുവൻ പ്രക്രിയയും വളരെ കുറച്ച് സമയമെടുക്കുന്നതിനാൽ ഇത് പരമ്പരാഗത മാർഗങ്ങളെക്കാൾ കൂടുതൽ സൗകര്യം നൽകുന്നു.
ഡെബ്റ്റ് ഫണ്ടുകൾക്കുണ്ടായിരുന്ന ഇൻഡക്സേഷൻ ആനുകൂല്യങ്ങൾ പിൻവലിച്ചതോടെ നികുതി ബാധ്യതയായി. ടാക്സ് സ്ലാബിന് അനുസരിച്ചാണ് ഇടിഎഫ് നികുതി. 35 ശതമാനം മാത്രം ഇക്വിറ്റി എക്സ്പോഷറുള്ള ഫണ്ടുകൾക്ക് ടാക്സ് സ്ലാബ് അനുസരിച്ച് നികുതി ചുമത്താനാണ് തീുമാനം. ഇടിഎഫുകൾ 35 ശതമാനത്തിൽ കുറവാണ് ഇക്വിറ്റി നിക്ഷേപം.