
‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന മൂന്ന് വാക്കുകള്‍ കേരളത്തെ ലോകത്തിന്റെ ടൂറിസം മാപ്പില്‍ മുന്‍നിരയിലേക്കുയത്തി. 1990-കളുടെ തുടക്കത്തില്‍ കേരള സര്‍ക്കാര്‍ ഈ ടാഗ് ലൈന്‍ അവതരിപ്പിച്ചപ്പോള്‍ അത് ഒരു മാര്‍ക്കറ്റിംഗ് കാംപെയ്‌നായല്ല, ഒരു തിരിച്ചറിവായാണ് മാറിയത്. പിന്നീട് കേരളം ലോകത്തെ വിനോദസഞ്ചാരികളുടെ സ്വപ്‌ന ലോകമായി മാറിയതാണ് നാം കണ്ടത്. പച്ചപ്പും പുഴകളും മഴയും കോടമഞ്ഞുമെല്ലാം ചേര്‍ന്നൊരു ദൃശ്യ കവിതയായാണ് സഞ്ചാരികള്‍ കേരളത്തെ നോക്കി കണ്ടത്. പ്രകൃതിയെ ചൂഷണങ്ങളില്‍ നിന്നും പരമാവധി സംരക്ഷിച്ച് വിനോദസഞ്ചാര സാധ്യതകള്‍ വികസിപ്പിക്കാന്‍ കേരള ടൂറിസം വകുപ്പ് പരമാവധി ശ്രമങ്ങള്‍ നടത്തി. ഉള്‍നാടന്‍ ജലഗതാഗതം, ആയുര്‍വേദം, തീര്‍ത്ഥാടന കേന്ദ്രങ്ങള്‍, കലാരൂപങ്ങള്‍, ഗ്രാമ ജീവിതാനുഭവങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്ന് കേരള എക്‌സ്പീരിയന്‍സ് എന്നത് ഒരു ആഗോള ബ്രാന്‍ഡായി. ഹൗസ്ബോട്ടുകളില്‍ യാത്ര ചെയ്യാനും, കടല്‍ത്തീരത്ത് സൂര്യാസ്തമയമനുഭവിക്കാനും, വയനാടന്‍ കുന്നുകളില്‍ നടക്കാനും മൂന്നാറിന്റെ തണുപ്പ് കൊളളാനുമെല്ലാം ലോകം കേരളത്തിലേക്കെത്തി.
വിനോദസഞ്ചാരം കേരളത്തിന്റെ സമ്പദ് ഘടനയിലെ സുപ്രധാന കണ്ണിയായി. മേഖലയില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ ലഭിച്ചു. ഗൈഡുകള്‍, ഹൗസ്ബോട്ട് ഓപ്പറേറ്റര്‍മാര്‍, ആയുര്‍വേദ ഡോക്ടര്‍മാര്‍, കര്‍ഷകര്‍, കലാകാരന്മാര്‍, ചെറുകിട വ്യാപാരികള്‍ തുടങ്ങി അനേകം ജീവിതങ്ങള്‍ വിനോദസഞ്ചാരത്തിന്റെ ഭാഗമായി. റെസ്‌പോണ്‍സിബിള്‍ ടൂറിസം എന്ന ആശയം കേരളം ലോകത്തിന് സമ്മാനിച്ചു. ഗ്രാമങ്ങള്‍ക്കുള്ളില്‍ വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത്, പ്രാദേശിക ഉത്പന്നങ്ങള്‍ക്കും തൊഴില്‍ സാധ്യതകള്‍ക്കും പുതിയ മാര്‍ഗങ്ങള്‍ തുറന്നതും അതിന്റെ ഭാഗമായിരുന്നു. പ്രകൃതിയും സുസ്ഥിരതയും തമ്മിലുള്ള ഈ സന്തുലിത ബന്ധം കേരളത്തെ സുസ്ഥിര വിനോദസഞ്ചാരത്തിന്റെ ആഗോള മാതൃകയാക്കി ഉയര്‍ത്തി. യുനെസ്‌കോ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര സംഘടനകള്‍ കേരളത്തിന്റെ വിനോദസഞ്ചാര നയങ്ങളെ മാതൃകയായി കണക്കാക്കി. മൂന്നാര്‍, ആലപ്പുഴ, തേക്കടി, കൊച്ചി, ബേക്കല്‍, വയനാട് എന്നിങ്ങനെ ഓരോ സ്ഥലവും വ്യത്യസ്ത കഥകള്‍ പറഞ്ഞു.
ഈ വിപ്ലവപരമായ മാറ്റങ്ങളുടെ പിന്നില്‍ അമിതാഭ് കാന്തിനെ പോലുള്ള ദീര്‍ഘദര്‍ശികളുടെയും ഇ ചന്ദ്രശേഖരന്‍ നായരെ പോലുളള രാഷ്ട്രീയ നേതാക്കളുടെയും അധ്വാനമുണ്ടായിരുന്നു. അമിതാഭ് കാന്തിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട ”ദൈവത്തിന്റെ സ്വന്തം നാട്” എന്ന ബ്രാന്‍ഡിംഗ് കേരളത്തെ ആഗോള ടൂറിസം വിപണിയില്‍ ഉറച്ച സ്ഥാനത്തേക്ക് ഉയര്‍ത്തി. അതേ സമയം, ഇ ചന്ദ്രശേഖരന്‍ നായര്‍ മന്ത്രിയായി പ്രവര്‍ത്തിച്ച കാലത്ത് ടൂറിസം വികസനത്തിന് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ രൂപപ്പെടുത്തുകയും, ജനപങ്കാളിത്തം ഉള്‍ക്കൊണ്ട ടൂറിസം നയങ്ങള്‍ക്ക് അടിത്തറ പാകുകയും ചെയ്തു. ഇരുവരുടെയും ദര്‍ശനവും പ്രവര്‍ത്തനവും ചേര്‍ന്നതാണ് കേരള ടൂറിസത്തെ വെറും വിനോദസഞ്ചാര മേഖലയെന്നതിലുപരി ഒരു സാമൂഹ്യസാമ്പത്തിക പ്രസ്ഥാനമായി മാറ്റിയത്.






