
ന്യൂഡല്‍ഹി: പുതിയ ബ്രാന്‍ഡുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യാന്‍ ഒരുങ്ങുകയാണ് ആഗോള ഹോട്ടല്‍ ശൃംഖലകള്‍. പകര്‍ച്ചവ്യാധിയ്ക്ക് ശേഷം ഹോസ്പിറ്റാലിറ്റി രംഗം സജീവമായതോടെയാണ് ഇത്. ഹില്‍ട്ടണ്‍, റാഡിസണ്‍, മൈനര്‍ ഹോട്ടലുകള്‍ പുതിയ ആഡംബര ബ്രാന്‍ഡുകള്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.
നിരവധി ബ്രാന്‍ഡുകള്‍ കൊണ്ടുവരാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് വിന്‍ഡാമിലെ മുതിര്‍ന്ന എക്സിക്യൂട്ടീവും അറിയിക്കുന്നു. ഹയാത്ത് തങ്ങളുടെ ബൊട്ടീക് ഹോട്ടല്‍ ബ്രാന്‍ഡായ ജെഡിവി ജൂലൈയില്‍ അവതരിപ്പിക്കും. ഇന്ത്യയിലെ ആദ്യത്തെ വാല്‍ഡോര്‍ഫ് അസ്റ്റോറിയ ഹോട്ടല്‍ ജയ്പൂരില്‍ പ്രഖ്യാപിച്ചിരിക്കയാണ് യുഎസ് ഹോസ്പിറ്റാലിറ്റി കമ്പനിയായ ഹില്‍ട്ടണ്‍.
22 ഏക്കറില്‍ 51 പൂള്‍ വില്ലകളും 174 ഗസ്റ്റ് റൂമുകളും ഉള്ള വാല്‍ഡോര്‍ഫ് അസ്റ്റോറിയ 2027ലാണ് തുറക്കുക.റാഡിസണ്‍ കളക്ഷന്‍ ഹോട്ടല്‍ മൂന്ന് വര്‍ ഷത്തിനുള്ളില്‍ ഹൈദരാബാദില്‍ തുറക്കുമെന്ന് റാഡിസണ്‍ ഹോട്ടല്‍ ഗ്രൂപ്പ് അറിയിക്കുന്നു.2017 ല്‍ ആരംഭിച്ച എന്‍ട്രി ലെവല്‍ ലക്ഷ്വറി ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡാണ് റാഡിസണ്‍ കളക്ഷന്‍.
2023 നാലാം പാദത്തില്‍ ജയ്പൂരില്‍ ആഡംബര അനന്താര ബ്രാന്‍ഡ് അവതരിപ്പിക്കുകയാണ് മൈനര്‍ ഹോട്ടല്‍സ്.ഏഷ്യ പസഫിക്, മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ 52 രാജ്യങ്ങളിലായി 530 ഹോട്ടലുകളാണ് മൈനറിനുള്ളത്. വിന്‍ഡം ഗാര്‍ഡന്‍, വിന്‍ഡം ഗ്രാന്‍ഡ്, ട്രേഡ്മാര്‍ക്ക് കളക്ഷന്‍, വിയന്ന ഹൗസ്, ടിആര്‍പി ബ്രാന്‍ഡുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഗ്രൂപ്പ് പദ്ധതിയിടുന്നതായി വിന്‍ഡം ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സിലെ യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, യുറേഷ്യ, ആഫ്രിക്ക പ്രസിഡന്റ് ദിമിത്രിസ് മാണികിസ് അറിയിക്കുന്നു.
“സോഫ്റ്റ് ബ്രാന്‍ഡായ വിന്‍ഡാമിന്റെ ട്രേഡ്മാര്‍ക്ക് ശേഖരത്തിന് ഇന്ത്യയില്‍ വളരെയധികം സാധ്യതകളുണ്ട്,”അദ്ദേഹം പറഞ്ഞു.യുഎസ് ഹോസ്പിറ്റാലിറ്റി ഭീമനായ ഹയാത്ത് തങ്ങളുടെ അണ്‍ബൗണ്ട് കളക്ഷന്‍ അവതരിപ്പിക്കുമെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. 2025 ല്‍ 60 മുറികളുള്ള ഹെറിറ്റേജ് ഹോട്ടലായി ഇത് ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കും.
മാത്രമല്ല, ഭോപ്പാലിലെ നൂര്‍-യുഎസ്-സബാഹ് പാലസുമായി കരാറില്‍ ഒപ്പുവയ്ക്കാനും ഹയാത്തിനായി.






