
കൊച്ചി: കളമശ്ശേരി കിൻഫ്ര ഹൈടെക് പാർക്കിൽ ഫോർസ വെയർഹൗസിംഗിനു കീഴിലുള്ള ഡ്രൈവർ ലോജിസ്റ്റിക്‌സിന്റെ 1.8 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള വെയർഹൗസ് ശനിയാഴ്ച (14) വൈകിട്ട് അഞ്ചുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. ഡ്രൈവര്‍ ലോജിസ്റ്റിക്സ് ചെയര്‍മാന്‍ ആഷിക് കൈനിക്കര പങ്കെടുക്കും. എറണാകുളം ആസ്ഥാനമായ ലോജിസ്റ്റിക്‌സ് ഗ്രൂപ്പാണ് ഫോർസ വെയർഹൗസിംഗ്.
കളമശ്ശേരി കിൻഫ്ര ഹൈടെക് പാർക്കിൽ 2020ലാണ് ഫോർസ വെയർഹൗസിംഗിന് വെയർഹൗസും ലോജിസ്റ്റിക്‌സ് സൗകര്യങ്ങളും സ്ഥാപിക്കുന്നതിനായി 5.31 ഏക്കർ ഭൂമി അനുവദിച്ചത്. ഇവിടെ അത്യാധുനികരീതിയിലുള്ള വെയർഹൗസ് സൗകര്യമാണ് 20.8 കോടി രൂപയുടെ നിക്ഷേപത്തില്‍ കമ്പനി സജ്ജമാക്കിയിട്ടുള്ളത്. വെയർഹൗസിംഗ് ഓപ്പറേഷനുകൾ, ചരക്കുനീക്കം, വിതരണ ശൃംഖലാ സേവനങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി പ്രത്യക്ഷവും പരോക്ഷവുമായ 250ൽപരം തൊഴിലവസരങ്ങളാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്.
എച്ച്എംടിയിൽ നിന്ന് തിരിച്ചെടുത്ത 240 ഏക്കർ ഭൂമിയിൽ വികസിപ്പിച്ച് 2008ൽ ഉദ്ഘാടനം ചെയ്ത കളമശ്ശേരി കിൻഫ്ര ഹൈടെക് പാർക്കിൽ നിലവിൽ നൂറിലധികം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. തടസ്സമില്ലാത്ത വൈദ്യുതി വിതരണം, ആറ് എംഎൽഡി ശേഷിയുള്ള ജലശുദ്ധീകരണ പ്ലാന്റ്, റോഡുകൾ, ടെലികമ്യൂണിക്കേഷൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാം കിൻഫ്ര ഒരുക്കിയിട്ടുള്ളതിനാൽ നെസ്റ്റ് ഹൈടെക് പാര്‍ക്ക്, ഗെയിൽ, ബിഇഎൽ, നുവാൽസ്, കേരള സ്റ്റാർട്ടപ് മിഷൻ തുടങ്ങി ഒട്ടനവധി പ്രമുഖ സ്ഥാപനങ്ങൾ ആറ് വ്യത്യസ്ത മേഖലകളാക്കി തിരിച്ചിട്ടുള്ള പാർക്കിൽ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ കിൻഫ്ര നേരിട്ട് വികസിപ്പിച്ച ഇൻഡസ്ട്രി ആൻഡ് ബയോടെക്‌നോളജി സോണിലാണ് ഫോർസ പ്രവർത്തനം തുടങ്ങുന്നത്.
ആധുനിക ലോജിസ്റ്റിക്‌സ് രീതികളുമായി ചേർന്നുനിൽക്കുന്ന നൈപുണ്യമുള്ള തൊഴിൽസേനയെ വികസിപ്പിക്കാനും സംസ്ഥാനത്തുടനീളം സുഘടിതമായ ലൊജിസ്റ്റിക് സൗകര്യങ്ങൾ ലഭ്യമാക്കാനും കേരളത്തിലെ വളർന്നുവരുന്ന ലോജിസ്റ്റിക് പരിസ്ഥിതിയെ മുന്നോട്ടുനയിക്കാനും ഫോര്‍സയുടെ നിക്ഷേപ പദ്ധതിയിലൂടെ സാധിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.






